പാലക്കാട്: ചിറ്റൂരിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാണാതായ ആറ് വയസ്സുകാരൻ സുഹാനായി പോലീസും നാട്ടുകാരും വ്യാപക തിരച്ചിൽ നടത്തുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സഹോദരനുമായി കളിക്കുന്നതിനിടെ ഉണ്ടായ ചെറിയ പിണക്കത്തെത്തുടർന്ന് സുഹാൻ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഉച്ചയ്ക്ക് 12 മണിയോടെ വീടിനടുത്തുള്ള ഇടവഴിയിൽ വെച്ച് ഒരാൾ കുട്ടിയെ കണ്ടിരുന്നെങ്കിലും പിന്നീട് വിവരമൊന്നുമില്ല. സുഹാന്റെ അമ്മ നീലഗിരി പബ്ലിക് സ്കൂൾ അധ്യാപികയാണ്. കുട്ടി ഇറങ്ങിപ്പോകുമ്പോൾ ഇവർ സ്കൂൾ ആവശ്യത്തിനായി പോയിരിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് വിദേശത്താണ്. സംഭവസമയത്ത് സഹോദരനും മുത്തശ്ശിയും മറ്റ് ബന്ധുക്കളുമാണ് വീട്ടിലുണ്ടായിരുന്നത്.
കുട്ടിയെ കണ്ടെത്താനായി പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സുഹാന് പരിസരത്തെ രണ്ട് വീടുകളല്ലാതെ മറ്റു സ്ഥലങ്ങളുമായി വലിയ പരിചയമില്ലാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഫയർ ഫോഴ്സ് സംഘം സമീപത്തെ കുളത്തിൽ പരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും ലഭിക്കാത്തതിനെ തുടർന്ന് അത് അവസാനിപ്പിച്ചു. എങ്കിലും, പോലീസ് സംഘം രാത്രിയിലും പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. കാണാതായി മണിക്കൂറുകൾ പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തത് നാടിനെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
The post ചിറ്റൂരിൽ ആറ് വയസ്സുകാരനെ കാണാതായ സംഭവം; സുഹാനായി രാത്രിയിലും തിരച്ചിൽ തുടരുന്നു appeared first on Express Kerala.



