തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ദി രാജാ സാബ്’ തിയേറ്ററുകളിൽ വരാനിരിക്കെ, ആരാധകർക്ക് അവിശ്വസനീയമായ ഒരു ഉറപ്പ് നൽകി സംവിധായകൻ മാരുതി. ചിത്രം പ്രേക്ഷകരെ നിരാശരാക്കില്ലെന്ന് മാത്രമല്ല, സിനിമ കണ്ട് ഏതെങ്കിലും ആരാധകന് അതൃപ്തി തോന്നിയാൽ തന്റെ വീട്ടിൽ വന്ന് നേരിട്ട് ചോദ്യം ചെയ്യാമെന്നാണ് സംവിധായകൻ പരസ്യമായി പ്രഖ്യാപിച്ചത്. അടുത്തിടെ നടന്ന പ്രീ-റിലീസ് പരിപാടിയിലാണ് ആത്മവിശ്വാസത്തോടെ മാരുതി ഈ പ്രസ്താവന നടത്തിയത്. വെറുമൊരു വാക്കിലൊതുക്കാതെ, ഹൈദരാബാദ് കൊണ്ടാപൂരിലെ തന്റെ വീട്ടുപേരും വിലാസവും കൃത്യമായി വേദിയിൽ വെളിപ്പെടുത്തിയത് ആരാധകരെയും സിനിമാ ലോകത്തെയും ഒരുപോലെ അമ്പരപ്പിച്ചിട്ടുണ്ട്.
Also Read: സേവ് ബോക്സ് നിക്ഷേപത്തട്ടിപ്പ്; നടൻ ജയസൂര്യ ഇഡിക്ക് മുന്നിൽ
ഇന്ത്യൻ സ്‌ക്രീനിൽ ഇതുവരെ കാണാത്ത തരത്തിലുള്ള പ്രഭാസിന്റെ പ്രകടനമാകും ഈ സിനിമയിലുണ്ടാവുകയെന്ന് മാരുതി മുൻപും അവകാശപ്പെട്ടിരുന്നു. തീയേറ്ററിൽ നിന്ന് ഇറങ്ങിയ ശേഷവും വർഷങ്ങളോളം ഓർത്തുവെക്കാവുന്ന ഒരു മാസ് എന്റർടെയ്‌നറായിരിക്കും ‘രാജാ സാബ്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിലെ നായികമാരിലൊരാളായ മാളവിക മോഹനനും പ്രഭാസിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി. താൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വിനീതനായ വ്യക്തിയാണ് പ്രഭാസെന്നും, ചിത്രത്തിലെ ‘ഭൈരവി’ എന്ന കഥാപാത്രം തന്റെ കരിയറിലെ മികച്ച ഒന്നായിരിക്കുമെന്നും താരം പ്രീ-റിലീസ് പരിപാടിയിൽ പറഞ്ഞു. നിധി അഗർവാൾ, റിദ്ധി കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
പീപ്പിൾ മീഡിയ ഫാക്ടറിയും ഐവിവൈ എന്റർടൈൻമെന്റും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം 2026-ലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ഹൊറർ-കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രം ജനുവരി 9-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പ്രഭാസിന്റെ പഴയകാല ഗ്ലാമറസ് ലുക്കുകളെ ഓർമ്മിപ്പിക്കുന്ന ടീസറുകൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാണ്. സംവിധായകന്റെ ഈ തുറന്ന വെല്ലുവിളി കൂടിയായതോടെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
The post “സിനിമ മോശമെങ്കിൽ വീട്ടിൽ വന്ന് ചോദിച്ചോളൂ”; ആരാധകർക്ക് വിലാസമടക്കം നൽകി ‘രാജാ സാബ്’ സംവിധായകൻ appeared first on Express Kerala.



