അഗർത്തല: ത്രിപുരയിലെ ധലൈ ജില്ലയിൽ അവിഹിത ബന്ധം ആരോപിച്ച് രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ ഗ്രാമവാസികൾ ക്രൂരമായി മർദ്ദിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെ ഹരേർഖോല ഗ്രാമത്തിലാണ് സംഭവം നടന്നത്. വീട്ടിൽ നിന്നും യുവതിയെ ബലമായി വലിച്ചിഴച്ച് പുറത്തിറക്കിയ ഒരു സംഘം ആളുകൾ, അവരെ ക്രൂരമായി മർദ്ദിച്ച ശേഷം കഴുത്തിൽ ചെരുപ്പ് മാല ധരിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കമൽപൂർ പോലീസ് സംഘം ഉടൻ തന്നെ യുവതിയെ ആൾക്കൂട്ടത്തിന് ഇടയിൽ നിന്നും മാറ്റുകയായിരുന്നു. പരിക്കേറ്റ അവരെ അംബാസ്സയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.ടി സ്കാൻ ഉൾപ്പെടെയുള്ള പരിശോധനകൾക്ക് വിധേയയാക്കിയ യുവതി നിലവിൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ത്രിപുര വനിതാ കമ്മീഷൻ അധ്യക്ഷ ജർണാ ദേബ്ബർമ വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും, യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച മുഴുവൻ പ്രതികൾക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. സ്ത്രീയ്‌ക്കെതിരായ ഇത്തരം നടപടികളെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് കമ്മീഷൻ ആവർത്തിച്ചു.
The post ത്രിപുരയിൽ അവിഹിത ബന്ധത്തിൽ ഏർപ്പെട്ട യുവതിക്ക് നേരെ ആൾക്കൂട്ടാക്രമണം; മർദ്ദിച്ച ശേഷം ചെരുപ്പ് മാല ധരിപ്പിച്ചു appeared first on Express Kerala.



