നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ ഒരു മുന്നണിയും പ്രഖ്യാപിച്ചിട്ടില്ലങ്കിലും തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിൽ, മത്സരത്തിൻ്റെ വീറും വാശിയും ഇതിനകം തന്നെ പ്രകടമായി കഴിഞ്ഞിരിക്കുകയാണ്. അതിൻ്റെ തുടക്കമാണ്, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റായ ആർ. ശ്രീലേഖയും സിറ്റിംഗ് എം.എൽ.എ ആയ വി.കെ പ്രശാന്തും തമ്മിലുള്ള തർക്കമെന്നത് നാം തിരിച്ചറിയേണ്ടതുണ്ട്.
കോർപ്പറേഷൻ കൗൺസിലറായ തനിക്ക് വേണ്ടി സ്ഥലം എം.എൽ.എയുടെ ഓഫീസ് ഒഴിയണമെന്ന് പറഞ്ഞ ശ്രീലേഖ ലക്ഷ്യമിടുന്നത് കേവലം എം.എൽ.എ ഓഫീസ് മാത്രമല്ല, എം.എൽ.എ പദവി തന്നെയാണെന്നത് വ്യക്തമാണ്.മേയർ പദവി വാഗ്ദാനം ചെയ്യിപ്പിച്ച് ശ്രീലേഖയെ മത്സരിപ്പിച്ച ബി.ജെ.പി സംസ്ഥാന നേതൃത്വം പകരം അവർക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് നിയമസഭ സീറ്റാണ്. വട്ടിയൂർക്കാവ് സീറ്റിൽ ശ്രീലേഖ മത്സരിക്കുമെന്നത് ഇപ്പോൾ സംഘപരിവാർ നേതൃത്വവും ഉറപ്പിച്ച മട്ടാണ്.
കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഓഫീസറായ ശ്രീലേഖയെ വട്ടിയൂർക്കാവിൽ മത്സരിപ്പിച്ചാൽ വിജയം ഉറപ്പാണെന്ന് ബി.ജെ.പി വിശ്വസിക്കുമ്പോൾ ശ്രീലേഖയല്ല ആര് തന്നെ എതിരാളി ആയി വന്നാലും എം.എൽ.എ ബ്രോ മണ്ഡലം നിലനിർത്തുമെന്ന് തന്നെയാണ് സി.പി.എം നേതാക്കൾ ഉറച്ച് വിശ്വസിക്കുന്നത്. രണ്ട് ടേം എന്ന നിബന്ധന ഇത്തവണ നടപ്പിലാക്കില്ലന്ന് സൂചന നൽകുന്ന സി.പി.എം നേതൃത്വം വട്ടിയൂർക്കാവിൽ ഇത്തവണയും മത്സരിക്കാൻ പോകുന്നത് പ്രശാന്ത് തന്നെയാണ് എന്ന സൂചനയാണ് നൽകുന്നത്.
പ്രശാന്തും ശ്രീലേഖയും തമ്മിൽ എം.എൽ.എ ഓഫീസ് സംബന്ധിച്ച തർക്കമുണ്ടായപ്പോൾ ശ്രീലേഖയുടെ വാദത്തിന് ഒപ്പം നിന്ന് വി.കെ പ്രശാന്തിനെതിരെ ശക്തമായി രംഗത്ത് വന്ന കോൺഗ്രസ്സ് നേതാവ് ശബരീനാഥിൻ്റെയും കെ മുരളീധരൻ്റെയും നടപടി, നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിൻ്റെ രഹസ്യ പിന്തുണ ശ്രീലേഖയ്ക്ക് ആണെന്ന തോന്നൽ ഉണ്ടാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയകളിലും പൊരിഞ്ഞ പോരാണ് ഇപ്പോൾ നടക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 61,111 വോട്ടുകളും 44.40 ശതമാനം വോട്ട് ഷെയറും നേടിയാണ് വി.കെ പ്രശാന്ത് വിജയിച്ചിരുന്നത്. രണ്ടാം സ്ഥാനത്ത് അന്ന് എത്തിയത്, ഇപ്പോഴത്തെ മേയറായ വി.വി രാജേഷാണ്. ബി.ജെ.പി സ്ഥാനാർത്ഥിയായ അദ്ദേഹത്തിന് 39,596 വോട്ടുകളും 28.77% വോട്ട് ഷെയറുമാണ് ലഭിച്ചിരുന്നത്. മൂന്നാം സ്ഥാനത്ത് എത്തിയ കോൺഗ്രസ്സിലെ വീണ എസ് നായർക്ക് 35,455 വോട്ടുകളും, 25.76 % വോട്ട് ഷെയറും ലഭിക്കുകയുണ്ടായി.
ഇത്തവണയും, സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള നേരിട്ട ഏറ്റുമുട്ടലാണ് വട്ടിയൂർക്കാവിൽ നടക്കാൻ പോകുന്നത്. വി.കെ പ്രശാന്തും ശ്രീലേഖയുമാണ് മത്സരിക്കാൻ സാധ്യത എന്നറിഞ്ഞതോടെ കെ മുരളീധരൻ വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലന്ന നിലപാടിലാണുള്ളത്. തൃശൂർ – കോഴിക്കോട് ജില്ലകളിലെ ഏതെങ്കിലും മണ്ഡലത്തിൽ നിന്നും ജനവിധി തേടാനാണ് മുരളി ആഗ്രഹിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
ചുരുങ്ങിയ കാലം കൊണ്ട് വട്ടിയൂർക്കാവ് മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ്, രണ്ടാം വട്ടവും വി.കെ പ്രശാന്തിനെ തുണച്ചിരുന്നത്. ജാതിയും വിശ്വാസവും ഏറെ ചർച്ച ചെയ്യപ്പെട്ട മണ്ഡലത്തിൽ വോട്ടർമാർ ഒടുവിൽ വികസനത്തിനു തന്നെയാണ് പ്രധാനം നൽകിയിരുന്നത്. എം.എൽ.എ എന്ന നിലയിൽ മണ്ഡലത്തിൽ പ്രശാന്തുണ്ടാക്കിയ സജീവതയും ഗുണം ചെയ്തു.
യു.ഡി.എഫിൻ്റെയും ബി.ജെ.പിയുടെയും വോട്ടുകൾ പോലും ഉപതെരഞ്ഞെടുപ്പിലെ പോലെ 2021 ലും പ്രശാന്തിന് തന്നെയാണ് ലഭിച്ചതെന്നാണ് ഫലം സൂചിപ്പിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർഥിയോടുള്ള കോൺഗ്രസിലെ താൽപര്യക്കുറവും ജില്ലാ പ്രസിഡൻറ് തന്നെ മൽസരിക്കാൻ ഇറങ്ങിയതിലുള്ള ബി.ജെ.പിയിലെ അതൃപ്തിയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രശാന്തിന് ഗുണമായി മാറിയിട്ടുണ്ട്. അതിന് പുറമെ സർക്കാർ ഉദ്യോഗസ്ഥർ, ക്രൈസ്തവ സമൂഹം എന്നിവ നിർണായകമായ മണ്ഡലത്തിൽ അവരുടെ പിന്തുണയും പ്രശാന്തിന് തന്നെയാണ് ലഭിച്ചിരുന്നത്. 34- ാം വയസിൽ മേയറായി നഗരത്തിൻ്റെ മനംകവർന്ന പ്രശാന്തിനെ വട്ടിയൂർക്കാവിൽ തോൽപ്പിക്കുക എന്നത് ശ്രീലേഖയ്ക്ക് അത്ര എളുപ്പം സാധിക്കുന്ന കാര്യമല്ല. അതിന് ശ്രീലേഖയ്ക്ക് ഇപ്പോഴുള്ള ഇമേജ് പേരാതെ വരുമെന്ന് സി.പി.എം അണികൾ പറയുമ്പോൾ അതിലും കാര്യമില്ലാതില്ല എന്നതാണ് യാഥാർത്ഥ്യം.
ഇപ്പോൾ എം.എൽ.എ ഓഫീസ് ഒഴിപ്പിക്കാൻ ശ്രീലേഖ കാട്ടിയ എടുത്ത് ചാട്ടവും അവർക്ക് തന്നെയാണ് ദോഷം ചെയ്യുക. ഐ.പി.എസ് പദവിയിൽ ഇരിക്കുമ്പോൾ കാട്ടിയ പക്വത എന്തു കൊണ്ടാണ് ശ്രീലേഖ കോർപ്പറേഷൻ കൗൺസിലർ ആകുമ്പോൾ കാണിക്കാതിരിക്കുന്നത് എന്ന ചോദ്യം ഉയരുന്നതും അതു കൊണ്ടാണ്. ഇക്കാരത്തിൽ ബി.ജെ.പി നേതൃത്വം കൃത്യമായ മാർഗ നിർദ്ദേശം ശ്രീലേഖയ്ക്ക് നൽകിയില്ലങ്കിൽ അതിൻ്റെ പ്രത്യാഘാതം സംസ്ഥാനത്ത് മൊത്തത്തിലാണ് ബി.ജെ.പിയെ ബാധിക്കാൻ പോകുന്നത്.
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം കൂടി പിടിച്ചതോടെ, നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ നേട്ടം ഉണ്ടാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി നേതൃത്വം മുന്നോട്ട് പോകുന്നത്. സംസ്ഥാനത്ത് ബി.ജെ പി വിജയ പ്രതീക്ഷ പുലർത്തുന്ന 10 മണ്ഡലങ്ങളിൽ 5 ഉം തിരുവനന്തപുരം ജില്ലയിലാണുള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, കാട്ടാക്കട, ആറ്റിങ്ങൽ നിയമസഭാമണ്ഡലങ്ങളിൽ ഒന്നാമത് എത്തിയിരുന്നത് ബി.ജെ.പിയാണ്. അതു കൊണ്ടു തന്നെ ഈ അഞ്ച് മണ്ഡലങ്ങളും ലക്ഷ്യമിട്ടാണ് സംഘപരിവാർ സംഘടനകൾ നിലവിൽ പ്രവർത്തിക്കുന്നത്.
എന്നാൽ, ലോകസഭ തിരഞ്ഞെടുപ്പിലെ കണക്കുകൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലന്ന ആത്മവിശ്വാസത്തിലാണ് സി.പി.എം മുന്നോട്ട് പോകുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബി.ജെ.പി പിടിച്ചെങ്കിലും വോട്ടിങ് ശതമാനത്തിൽ നഗരസഭയിൽ ഇപ്പോഴും ഇടതുപക്ഷത്തിന് തന്നെയാണ് മുൻതൂക്കമെന്നാണ് കണക്കുകൾ നിരത്തി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ജനവിധിയും ബി.ജെ.പിക്കും കോൺഗ്രസ്സിനും എതിരാണെന്നാണ് അവർ വാദിക്കുന്നത്. അതുകൊണ്ടു തന്നെ ലോകസഭ തിരഞ്ഞെടുപ്പിലെ കണക്കും കൊണ്ട് ബി.ജെ.പി മനക്കോട്ട കെട്ടേണ്ടന്നാണ് സി.പി.എം നേതൃത്വം പറയുന്നത്. അതേസമയം ലോകസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നേറ്റമുണ്ടാക്കിയ ബൂത്തുകളിൽ അസാധാരണമാംവിധം വോട്ടർമാരെ കാണാനില്ലന്ന തരത്തിലുള്ള കണക്കുകളും ഇപ്പോൾ വീണ്ടും പ്രചരിക്കുന്നുണ്ട്.
നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ പതിനായിരക്കണക്കിന് ആളുകളെ കണ്ടെത്താനായിട്ടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ എസ്ഐആർ കണക്കുകൾ വ്യക്തമാക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച കണക്കുകൾ നിരത്തി പുറത്ത് വിട്ട മാധ്യമ വാർത്തകൾ പ്രചരിപ്പിച്ചാണ് വീണ്ടും സജീവ ചർച്ചയാക്കി ഒരുവിഭാഗം നിർത്തിയിരിക്കുന്നത്.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി പുറത്തുവിട്ട എന്യൂമറേഷൻഫോം തിരികെ വരാത്തവരുടെ പട്ടികയിലെ വിവരങ്ങളിൽ, ഈ നിയോജകമണ്ഡലങ്ങളിൽ അസാധാരണമായ വർധനവാണുള്ളത്. ബിജെപി വലിയ മുന്നേറ്റമുണ്ടാക്കിയ ബൂത്തുകൾ മാത്രമെടുത്ത് പരിശോധിക്കുമ്പോൾ ഈ അസാധാരണത്വം ഒന്നുകൂടെ ഉറപ്പിക്കാനും കഴിയും.
കോൺഗ്രസിന്റെ ശശി തരൂരിനേക്കാൾ ബിജെപിയുടെ രാജീവ് ചന്ദ്രശേഖർ 22,126 വോട്ടിന്റെ ഭൂരിപക്ഷം നേടിയ നേമത്ത്, ആകെ 49,063 വോട്ടർമാർ പുറത്തുപോയി. ഇതിൽ ബിൽമാർക്ക് ഫോം വിതരണം ചെയ്യാൻ പോലും കണ്ടെത്താൻ സാധിക്കാത്ത അൺട്രേസബിൾ ആൻ്റ് ആബ്സൻ്റ് വിഭാഗക്കാരാണ് കൂടുതൽ. നേമത്തെ ഒന്ന്, രണ്ട്, നാല്, ആറ്, പത്ത് എന്നീ അഞ്ച് ബൂത്തുകൾ മാത്രമെടുക്കുമ്പോൾ 941 വോട്ടർമാരാണ് അൺട്രേസബിൾ ആൻ്റ് ആബ്സൻ്റ് വിഭാഗത്തിലുള്ളത്. സ്ഥിരമായി താമസം മാറിയവരുടെയും, എന്യുമറേഷൻ ഫോം വാങ്ങാൻ വിസമ്മതിച്ചവരുടെയും കണക്ക് വേറെയാണ്. 23 ശതമാനത്തിൽ കൂടുതൽ വോട്ടർമാരുടെ ഫോം തിരികെവരാത്ത മണ്ഡലത്തിലെ 180 ബൂത്തുകൾ പരിശോധിക്കുമ്പോഴും കണ്ടെത്താനാവാത്തരുടെ പട്ടികക്ക് നീളം കൂടുതലാണ്.
ബിജെപി ഒന്നാമത് എത്തിയ വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലത്തിലും സ്ഥിതിയും മറിച്ചല്ല. വട്ടിയൂർക്കാവിലെ നാലാഞ്ചിറയിലുള്ള പതിനാലാം ബൂത്തിൽ 511 പേരുടെ ഫോം തിരികെ വരാത്തതിൽ, 292 പേർ അൺട്രേസബിൾ ആൻ്റ് ആബ്സൻ്റ് വിഭാഗത്തിലാണുള്ളത്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ 51,163 പേരുടെ ഫോമുകൾ തിരികെ വന്നിട്ടില്ലെന്നതും ദുരൂഹത വർധിപ്പിക്കുന്നു. കഴക്കൂട്ടത്തെ ബൂത്ത് 24ൽ 273, ബൂത്ത് 23ൽ 261 പേരും ബിഎഓമാർക്ക് ഫോം പോലും വിതരണം ചെയ്യാൻ കണ്ടെത്താത്തവരാണ്. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ കാട്ടാക്കട നിയമസഭ മണ്ഡലത്തിൽ 25,233 പേരും ആറ്റിങ്ങൽ നിയമസഭമണ്ഡലത്തിൽ 16012 പേരെയും കണ്ടെത്താനായിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ്, ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ ഇപ്പോൾ വീണ്ടും ചർച്ച ചെയ്യപ്പെടുന്നത്.EXPRESS VIEWവീഡിയോ കാണാം:
The post ശ്രീലേഖയുടെ വാദം ഏറ്റെടുത്ത് ശബരിനാഥൻ, വട്ടിയൂർക്കാവിൽ ഒരു ‘കൈ’ സഹായമോ ? നടക്കാൻ പോകുന്നത് ബി.ജെ.പി – സി.പിഎം ഏറ്റുമുട്ടൽ appeared first on Express Kerala.



