തിരുവനന്തപുരം: അറിവിൻ്റെയും ആഘോഷങ്ങളുടെയും ഏഴ് ദിനരാത്രങ്ങളിലേക്ക് കേരള നിയമസഭ വീണ്ടും വാതിൽ തുറക്കുന്നു. നാലാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം (KLIBF 2026) ജനുവരി 7 മുതൽ 13 വരെയാണ് നടക്കുന്നത്. ജനുവരി 7-ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യുന്നതോടെ തലസ്ഥാന നഗരി അക്ഷരലഹരിയിലാകും. ഇത്തവണയും വായനക്കാരെ കാത്തിരിക്കുന്നത് വിപുലമായ സജ്ജീകരണങ്ങളാണ്.
റീലുകളുടെയും ഓൺലൈൻ ഗെയിമുകളുടെയും ലോകത്ത് കുടുങ്ങിപ്പോകുന്ന പുതിയ തലമുറയെ അക്ഷരങ്ങളിലേക്ക് തിരികെ വിളിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ പതിപ്പുകളിൽ കുട്ടികൾ നൽകിയ ആവേശകരമായ പങ്കാളിത്തമാണ് ഇതിനായി പ്രത്യേക വേദിയൊരുക്കാൻ നിയമസഭയെ പ്രേരിപ്പിച്ചത്. പുസ്തകങ്ങൾ മറിച്ചുനോക്കിയും അറിവുകൾ പങ്കുവെച്ചും നിയമസഭാ മന്ദിരത്തിലൂടെ നടന്നുനീങ്ങുന്ന കുട്ടികളുടെ കാഴ്ച വരും തലമുറയുടെ വായനാശീലം വിളിച്ചോതുന്നതായിരുന്നു.
Also Read: ബസ് വേണ്ടെങ്കിൽ 24 മണിക്കൂറിനുള്ളിൽ തിരിച്ചെടുക്കാം! മേയർക്ക് മറുപടിയുമായി ഗണേഷ് കുമാർ
കുട്ടികളുടെ ചിന്തകൾക്കും സർഗ്ഗാത്മകതയ്ക്കും ചിറകുനൽകാൻ ‘സ്റ്റുഡന്റ്സ് കോർണർ’ എന്ന പ്രത്യേക വേദിയാണ് ഒരുക്കിയിരിക്കുന്നത്. ആശയസംവാദങ്ങൾക്കു പുറമേ, കൗതുകമുണർത്തുന്ന ഒട്ടനവധി പരിപാടികളാണ് ഇവിടെ കാത്തിരിക്കുന്നത്. ആകർഷകമായ കഥപറച്ചിൽ സെഷനുകൾ, വർണ്ണാഭമായ ഫാഷൻ ഷോകൾ, കുട്ടികൾ തന്നെ അരങ്ങിലെത്തിക്കുന്ന നാടകങ്ങൾ, മറ്റ് വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ എന്നിവ സ്റ്റുഡന്റ്സ് കോർണറിനെ സജീവമാക്കും. കൂടാതെ വിസ്മയങ്ങൾ ഒളിപ്പിച്ച മാജിക് ഷോകളും പപ്പറ്റ് ഷോകളും കുട്ടികൾക്ക് പുത്തൻ അനുഭവം സമ്മാനിക്കും.
ജനുവരി 7 മുതൽ 13 വരെ (11-ാം തീയതി ഞായറാഴ്ച ഒഴികെ) എല്ലാ ദിവസവും പ്രമുഖ വ്യക്തിത്വങ്ങൾ സ്റ്റുഡന്റ്സ് കോർണറിൽ കുട്ടികളുമായി സംവദിക്കും. ഐ.എ.എസ് ഉദ്യോഗസ്ഥരായ ഡോ. കെ. വാസുകി, എം.ജി. രാജമാണിക്യം, അർജുൻ പാണ്ഡ്യൻ, ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ എന്നിവർക്ക് പുറമെ നാവികസേനയിലെ ധീര വനിതകളായ ലഫ്റ്റനന്റ് കമാൻഡേഴ്‌സ് ദിൽന. കെ, എ. രൂപിമ എന്നിവരും അതിഥികളായെത്തും. അഖിൽ പി. ധർമ്മജൻ, മെന്റലിസ്റ്റ് അനന്തു തുടങ്ങി സാഹിത്യ-കലാരംഗത്തെ പ്രമുഖരും കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകും.
Also Read: ഇനിയും പറയാൻ തയ്യാർ, കേരളത്തിൽ പിണറായി തന്നെ തുടരും; വെള്ളാപ്പള്ളി
വെറുമൊരു പുസ്തക പ്രദർശനത്തിനപ്പുറം, വരുംതലമുറയുടെ സർഗ്ഗാത്മക ശേഷി പുറത്തെടുക്കാനുള്ള വലിയൊരു വേദിയായി കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മാറുകയാണ്. മാജിക്കും നാടകവും സംവാദങ്ങളുമായി ഈ ഏഴ് ദിനങ്ങളും അക്ഷരാർത്ഥത്തിൽ കുട്ടികൾക്ക് അറിവിൻ്റെ ഉത്സവകാലമാകും.
The post അക്ഷരമുറ്റത്ത് വിരുന്നെത്തുന്ന ബാല്യം; നിയമസഭാ പുസ്തകോത്സവത്തിൽ കുട്ടികൾക്കായി വർണ്ണാഭമായ കലാവിരുന്നൊരുങ്ങുന്നു appeared first on Express Kerala.



