മംഗളൂരു: പുത്തൂരിലെ റിട്ടയേർഡ് പ്രിൻസിപ്പലിന്റെ വീട്ടിൽ അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിക്കുകയും ദമ്പതികളെ ആക്രമിക്കുകയും ചെയ്ത കേസിൽ യുവദമ്പതികൾ അറസ്റ്റിൽ. പുത്തൂർ മുദുരു സ്വദേശി കാർത്തിക് റാവു (31), ഭാര്യ കെ.എസ്. സ്വാതി റാവു (25) എന്നിവരെയാണ് പുത്തൂർ കസബ പൊലീസ് പിടികൂടിയത്. കാർത്തിക് റാവു പുരോഹിത സഹായിയായി ജോലി ചെയ്തു വരികയായിരുന്നു. ഡിസംബർ 17-ന് അർദ്ധരാത്രിയിലായിരുന്നു 84-കാരനായ എ.വി. നാരായണയുടെ വീട്ടിൽ നാടകീയമായ മോഷണശ്രമം നടന്നത്. ഹെൽമെറ്റ് ധരിച്ച് മുഖം മറച്ചെത്തിയ പ്രതികൾ വീടിന്റെ പിൻവാതിലിലൂടെ അകത്തുകയറി ദമ്പതികളെ ഭീഷണിപ്പെടുത്തുകയായിരുന്നു.
പിടിവലിക്കിടെ നാരായണയുടെ ഭാര്യയ്ക്ക് പരിക്കേറ്റു. എന്നാൽ ദമ്പതികൾ ബഹളം വെച്ചതോടെ പരിഭ്രാന്തരായ പ്രതികൾ ഒന്നും മോഷ്ടിക്കാനാവാതെ വന്ന വഴിയിലൂടെ തന്നെ ഓടി രക്ഷപ്പെട്ടു. പരാതിയെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികളായ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. ഇവർ സഞ്ചരിക്കാൻ ഉപയോഗിച്ച മോട്ടോർ സൈക്കിളും പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ കോടതിയിൽ ഹാജരാക്കും. മോഷണശ്രമത്തിന് പിന്നിലെ കൂടുതൽ കാരണങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.
The post മംഗളൂരുവിൽ റിട്ട. പ്രിൻസിപ്പലിന്റെ വീട്ടിൽ അർദ്ധരാത്രി മോഷണശ്രമം; ദമ്പതികൾ അറസ്റ്റിൽ appeared first on Express Kerala.



