ഇടുക്കി: സംശയത്തെത്തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. പൂപ്പാറ മുരിക്കുംതൊട്ടി വലിയകുന്നേൽ ബൈജു (48) എന്നയാളെയാണ് തൊടുപുഴ അഡീഷണൽ ജില്ലാ ജഡ്ജി ലൈജമോൾ ഷെരീഫ് ശിക്ഷിച്ചത്. 2016 ഡിസംബർ 25നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഭാര്യ അജിമോളുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു ബൈജു. അജിമോൾ അടിമാലിയിലെ വീട്ടിലായിരുന്നു താമസം. അജിമോൾക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അയൽവാസി ബൈജുവിനെ അറിയിച്ചു. 2016 ഡിസംബർ 24ന് ബൈജു അജിമോളുടെ വീട്ടിലെത്തി. ക്രിസ്മസ് ആഘോഷിക്കാമെന്ന പേരിൽ അജിമോളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും, പിറ്റേദിവസം രാവിലെ ബാഗിന്റെ വള്ളി കഴുത്തിൽ കുരുക്കി ബൈജു അജിമോളെ കൊലപ്പെടുത്തുകയും ചെയ്തു. തുടർന്ന് കൊലപാതകം നടത്തിയതായി അയൽവാസിയോട് പറഞ്ഞ ശേഷം ബൈജു അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരായി കുറ്റസമ്മതം നടത്തി.
Also Read: മംഗളൂരുവിൽ റിട്ട. പ്രിൻസിപ്പലിന്റെ വീട്ടിൽ അർദ്ധരാത്രി മോഷണശ്രമം; ദമ്പതികൾ അറസ്റ്റിൽ
എന്നാൽ, വിചാരണക്കിടെ പ്രതി കുറ്റം നിഷേധിച്ചു. സാക്ഷികളായ ചില അയൽവാസികളും വീട്ടിലെ ബന്ധുക്കളും കൂറുമാറിയെങ്കിലും കേസിൽ നിർണായകമായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കി. വിചാരണയ്ക്കിടെ അജിമോളെ കൊന്നതായി ബൈജു പറഞ്ഞുവെന്ന് ഒരു അയൽവാസി മൊഴി നൽകിയതും, സംഭവം നടന്ന രാത്രിയിൽ ഇരുവരും ഒരേ മുറിയിലാണ് ഉറങ്ങിയതെന്ന് വീട്ടുകാർ പറഞ്ഞതും കേസിന് നിർണായകമായി. കൊലപാതകത്തിനുപയോഗിച്ച ബാഗിന്റെ വള്ളിയിൽ നിന്ന് അജിമോളുടെ തലമുടി കണ്ടെത്തിയതും ശക്തമായ തെളിവായി.
അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വി. എസ്. അഭിലാഷാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. ശാന്തൻപാറ എസ്.എച്ച്.ഒമാരായിരുന്ന സി.ആർ. പ്രമോദ്, ടി.എ. യൂനുസ് എന്നിവരാണ് കേസന്വേഷണം നടത്തിയത്. സബ് ഇൻസ്പെക്ടർ ഷാജിയും സിവിൽ പൊലീസ് ഓഫീസർ റിൻസും അന്വേഷണത്തിൽ സഹായിച്ചു.
The post അയൽവാസിയുടെ വാക്കുകൾ വിശ്വസിച്ചു; ഭാര്യയെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവ് appeared first on Express Kerala.



