കലാഭവൻ മണിയുടെ സ്മരണാർത്ഥം നൽകുന്ന കലാഭവൻ മണി മെമ്മോറിയൽ അവാർഡുകളുടെ ഏഴാമത് പതിപ്പിന്റെ ജേതാക്കളെ അവാർഡ് കമ്മിറ്റി പ്രഖ്യാപിച്ചു. കലാഭവൻ മണിയുടെ 55-ാം ജന്മദിനമായ ജനുവരി ഒന്നിനോടനുബന്ധിച്ചാണ് പുരസ്‌കാര പ്രഖ്യാപനം നടന്നത്.
ഈ വർഷത്തെ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്കാണ്. കളങ്കാവലിലെ പ്രകടനമാണ് അവാർഡിന് അർഹമായത്. ലോകയിലെ ചന്ദ്രയായുള്ള പ്രകടനത്തിലൂടെ കല്യാണി പ്രിയദർശൻ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. നിവിൻ പോളി നായകനായെത്തിയ സർവ്വം മായയാണ് മികച്ച സിനിമ. അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രം ഡിസംബർ 25നാണ് തിയേറ്ററുകളിലെത്തിയത്. എക്കോ എന്ന ചിത്രത്തിലൂടെ ദിൻജിത്ത് അയ്യത്താൻ മികച്ച സംവിധായകനായി. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
Also Read: കന്നഡ താരരാജാക്കന്മാരുടെ പാൻ ഇന്ത്യൻ ചിത്രം ’45’; മലയാളം പതിപ്പ് നാളെ മുതൽ കേരളത്തിൽ; വിതരണം ദുൽഖർ സൽമാൻ
സിനിമയിലെ വിവിധ മേഖലകളിലെ മികവിന് പുറമെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും പ്രഖ്യാപിച്ചു. ബാലചന്ദ്ര മേനോൻ, വിജയ കുമാരി, ഒ. മാധവൻ, സിയാദ് കോക്കർ, സുന്ദർദാസ്, അംബിക, മേനക സുരേഷ്, കലാഭവൻ റഹ്‌മാൻ, ജനു അയിച്ചാൻചാണ്ടി, ചന്ദ്രമോഹൻ, ഖാദർ കൊച്ചന്നൂർ എന്നിവരാണ് ഈ പുരസ്‌കാരത്തിന് അർഹരായത്. സിനിമയ്ക്ക് പുറമേ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, മാധ്യമപ്രവർത്തകർ എന്നിവരടക്കം വിവിധ മേഖലകളിലെ മികവുറ്റ വ്യക്തിത്വങ്ങൾക്കും അവാർഡിന് അർഹരായിട്ടുണ്ട്. മാർച്ച് ആദ്യവാരം അവാർഡ് സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുമെന്ന് കമ്മിറ്റി ഭാരവാഹികളായ എം.കെ. ഇസ്മായിൽ, പ്രൊഫ. യു.എസ്. മോഹൻ, ജോഷി എബ്രഹാം, പി.എം.എം. ഷരീഫ്, വി.കെ. മുരളി, ഹേമ ജെയിംസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
The post കലാഭവൻ മണി മെമ്മോറിയൽ അവാർഡുകൾ പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടൻ, കല്യാണി മികച്ച നടി appeared first on Express Kerala.



