തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന അവാസ്തവ പ്രചരണങ്ങൾക്കെതിരെ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം സമൂഹമാധ്യമക്കുറിപ്പിലൂടെ വ്യക്തമാക്കി.
താൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത് രഹസ്യമായിട്ടല്ലെന്നും പകൽവെളിച്ചത്തിൽ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തിന് സമീപമുള്ള ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് മൊഴി നൽകിയത്. തന്റെ ഔദ്യോഗിക ബോർഡ് വെച്ച കറുത്ത ടൊയോട്ട യാരിസ് കാറിലാണ് അവിടെ എത്തിയതെന്നും, യാതൊരു തരത്തിലുള്ള ഒളിച്ചുകളിയും ഇതിലില്ലെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.
Also Read: ജനുവരി 29-ന് ബജറ്റ്! നിയമസഭാ സമ്മേളനം ജനുവരി 20 മുതൽ
കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ അപേക്ഷയിൽ താൻ ശുപാർശ നൽകി എന്ന വാർത്ത അടിസ്ഥാനരഹിതമാണ്. അത്തരമൊരു കുറിപ്പ് ഉണ്ടെങ്കിൽ അത് പുറത്തുവിടാൻ കടകംപള്ളി വെല്ലുവിളിച്ചു. സ്വർണ്ണപ്പാളി കൈമാറാൻ മന്ത്രി നിർദ്ദേശിച്ചതായി ഫയലുകളിൽ പരാമർശമുണ്ടെന്ന ആരോപണത്തെയും അദ്ദേഹം തള്ളി. അങ്ങനെയൊരു ഉത്തരവുണ്ടെങ്കിൽ അത് ജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
The post രേഖകളുണ്ടെങ്കിൽ പുറത്തുവിടൂ, ജനങ്ങൾ കാണട്ടെ; ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വെല്ലുവിളിയുമായി കടകംപള്ളി appeared first on Express Kerala.



