ദിസ്പുർ: അസമിൽ ഹിന്ദു ദമ്പതികൾ ഒരു കുട്ടിയിൽ ഒതുങ്ങരുതെന്നും രണ്ട് മുതൽ മൂന്ന് വരെ കുട്ടികൾക്ക് ജന്മം നൽകണമെന്നും ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സംസ്ഥാനത്തെ മതന്യൂനപക്ഷങ്ങൾക്കിടയിലെ ജനനനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഹിന്ദുക്കളുടെ എണ്ണം കുറയുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.
മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി വിവാദമായ ഈ പ്രസ്താവന നടത്തിയത്. ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, ഹിന്ദു വിഭാഗങ്ങൾക്കിടയിലെ ജനനനിരക്ക് വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും കൂട്ടിച്ചേർത്തു. മതന്യൂനപക്ഷങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ പ്രസവ അനുപാതം ഉയർന്ന നിലയിലാണ്. എന്നാൽ ഹിന്ദുക്കൾക്കിടയിൽ ഇത് ഗണ്യമായി കുറഞ്ഞുവരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ഹിന്ദു ജനതയോട് കുറഞ്ഞത് രണ്ട് കുട്ടികൾക്കെങ്കിലും ജന്മം നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നത്. സൗകര്യപ്രദമായവർക്ക് മൂന്ന് കുട്ടികൾ വരെയാകാം എന്നാണ് ഹിമന്ത ബിശ്വ ശർമ പറയുന്നത്.
Also Read: ‘തെറ്റ് സംഭവിച്ചിട്ടുണ്ട്’..! 8 പേർ മരിച്ചതിന് പിന്നാലെ കുറ്റസമ്മതം നടത്തി മധ്യപ്രദേശ് മന്ത്രി
മുസ്ലിം ജനത ഏഴ് മുതൽ എട്ട് വരെ കുട്ടികൾക്ക് ജന്മം നൽകുന്ന രീതി ഒഴിവാക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുകയാണ്. അതേസമയം, ഹിന്ദുക്കൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണം. ഇല്ലെങ്കിൽ ഭാവിയിൽ ഹിന്ദുക്കളുടെ വീടുകൾ സംരക്ഷിക്കാൻ പോലും ആരുമില്ലാത്ത അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2027ലെ സെൻസസ് പുറത്തുവരുമ്പോൾ ബംഗ്ലാദേശി വംശജരായ മിയ മുസ്ലിങ്ങളുടെ ജനസംഖ്യ സംസ്ഥാനത്ത് 40 ശതമാനത്തിലെത്തുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
താൻ രാഷ്ട്രീയ ജീവിതം ആരംഭിച്ച കാലത്ത് 21 ശതമാനമായിരുന്ന മിയ മുസ്ലിം ജനസംഖ്യ, 2011-ൽ 31 ശതമാനമായി ഉയർന്നു. ഇത് 2027-ൽ 40 ശതമാനമായി വർദ്ധിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാദം. അസമീസ് ജനതയുടെ ഭാവി തലമുറ അവരുടെ ജനസംഖ്യ 35 ശതമാനത്തിൽ താഴെയാകുന്നത് കാണുന്ന ദിവസങ്ങൾ വിദൂരമല്ല എന്നും അസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ”വടക്കുകിഴക്കൻ ഇന്ത്യയെ വിച്ഛേദിച്ച് ബംഗ്ലാദേശുമായി കൂട്ടിച്ചേർക്കണമെന്ന് അവർ (ബംഗ്ലാദേശ്) പലപ്പോഴും പറയാറുണ്ട്. വടക്കുകിഴക്കൻ ഇന്ത്യ പിടിച്ചെടുക്കാൻ അവർക്ക് യുദ്ധം ചെയ്യേണ്ട ആവശ്യമില്ല. അവരുടെ ജനസംഖ്യ 50 ശതമാനം കവിഞ്ഞാൽ അത് സ്വാഭാവികമായി അവരുടെ കൈകളിലെത്തും.” – എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശം.
The post ഹിന്ദുക്കൾക്ക് 3 കുട്ടികൾ വരെയാകാം, മുസ്ലിങ്ങൾ എണ്ണം കുറയ്ക്കണം! അസമിൽ വിവാദ പ്രസ്താവനയുമായി ഹിമന്ത ശർമ appeared first on Express Kerala.



