ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ വിസ്മയമായി ഉദിച്ചുയർന്ന വൈഭവ് സൂര്യവംശിയെ ഇന്ത്യൻ സീനിയർ ടീമിൽ കാണാൻ കാത്തിരിക്കുന്ന ആരാധകർക്ക് ഇനി അധികം നാൾ കാത്തിരിക്കേണ്ടി വരില്ല. 2025-ൽ രാജസ്ഥാൻ റോയൽസിനായും അണ്ടർ-19 ടീമിനായും ബിഹാറിനായും അവിശ്വസനീയമായ പ്രകടനമാണ് ഈ പതിനാലുകാരൻ കാഴ്ചവെച്ചത്. വൈഭവിനെ ഉടൻ തന്നെ ദേശീയ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ താരങ്ങളും ആരാധകരും ഒരേപോലെ ആവശ്യപ്പെടുന്നുണ്ടെങ്കിലും പ്രായവുമായി ബന്ധപ്പെട്ട ഒരു സാങ്കേതിക തടസ്സമാണ് നിലവിൽ താരത്തിന് വിലങ്ങുതടിയായി നിൽക്കുന്നത്.
ഐസിസിയുടെ ചട്ടമനുസരിച്ച് ഒരു താരം സീനിയർ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറണമെങ്കിൽ കുറഞ്ഞത് 15 വയസ്സ് പൂർത്തിയാകേണ്ടതുണ്ട്. നിലവിൽ 14 വയസ്സുകാരനായ വൈഭവിനെ ടീമിലെടുക്കുന്നതിന് ബിസിസിഐയ്ക്ക് മുന്നിലുള്ള ഏക നിയമതടസ്സവും ഇതുതന്നെയാണ്. എന്നാൽ ഈ വർഷം മാർച്ചോടെ ആ തടസ്സം നീങ്ങും എന്നതാണ് ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാക്കുന്ന വാർത്ത. വരുന്ന മാർച്ച് 27-ന് വൈഭവ് 15-ാം വയസ്സിലേക്ക് കടക്കുകയാണ്. അതോടെ ഐസിസിയുടെ പ്രായപരിധി കടമ്പ താരം മറികടക്കും.
Also Read: മഞ്ഞപ്പടയുടെ ഹൃദയം തകർന്നു! ഇനി ലൂണയില്ല; ബ്ലാസ്റ്റേഴ്സ് വിട്ട് താരം വിദേശത്തേക്ക്, ഔദ്യോഗിക സ്ഥിരീകരണം
പ്രത്യേക ഇളവ് നൽകി വൈഭവിനെ ഉടൻ ടീമിലെത്തിക്കണമെന്ന് ഒരു വിഭാഗം വാദിക്കുന്നുണ്ടെങ്കിലും, മാർച്ച് 27-ന് ശേഷം ബിസിസിഐ നേരിട്ട് താരത്തെ ടീമിലേക്ക് പരിഗണിക്കുന്നതിനാണ് സാധ്യത കൂടുതൽ. വെറും മൂന്ന് മാസത്തെ കാത്തിരിപ്പ് കൂടി അവസാനിക്കുന്നതോടെ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരിലൊരാളായി വൈഭവ് സൂര്യവംശി ചരിത്രം കുറിക്കുന്നത് കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
The post 14-കാരൻ ഇന്ത്യൻ കുപ്പായമണിയുമോ? വൈഭവിന് മുന്നിലെ അവസാന കടമ്പയും മാറുന്നു; ആരാധകർ ആവേശത്തിൽ! appeared first on Express Kerala.



