ന്യൂഡൽഹി: പുതുവർഷത്തിൽ ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം. ജപ്പാനെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ ഉയർന്നു. സർക്കാരിന്റെ വർഷാവസാന സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഈ ശുഭവാർത്തയുള്ളത്.
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (GDP) 4.18 ട്രില്യൺ ഡോളറിൽ എത്തിയിരിക്കുകയാണ്. ഇതോടെ അമേരിക്ക, ചൈന, ജർമ്മനി എന്നിവയ്ക്ക് പിന്നിലായി നാലാം സ്ഥാനം ഇന്ത്യ സ്വന്തമാക്കി. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ജർമ്മനിയെയും മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുമെന്നാണ് സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രവചിക്കുന്നത്. ഈ വർഷം തന്നെ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി നേരത്തെ സൂചിപ്പിച്ചിരുന്നു. ആ കണക്കുകൾ ശരിവെക്കുന്നതാണ് പുതിയ വിവരങ്ങൾ. ഈ വർഷം (2026) അന്തിമ വാർഷിക ജിഡിപി കണക്കുകൾ പുറത്തുവരുന്നതോടെ ഇക്കാര്യത്തിൽ ഔദ്യോഗികമായ അന്തിമ സ്ഥിരീകരണം ഉണ്ടാകും.
Also Read: ഇന്ത്യൻ ജയിലുകളിൽ 400-ലധികം പാകിസ്ഥാനികൾ! തടവുകാരുടെ വിവരങ്ങൾ പരസ്പരം കൈമാറി ഇരുരാജ്യങ്ങളും
2026 ലെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 4.51 ട്രില്യൺ ഡോളറിൽ എത്തിയപ്പോൾ ജപ്പാൻ 4.46 ട്രില്യൺ ഡോളറുമായി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിലവിലെ വളർച്ചാ നിരക്ക് തുടരുകയാണെങ്കിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ജർമ്മനിയെ മറികടന്ന് ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും. 2030 ഓടെ ഇന്ത്യയുടെ ജിഡിപി 7.3 ട്രില്യൺ ഡോളറിൽ എത്തുമെന്നാണ് സർക്കാർ പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. അമേരിക്കൻ വിപണിയിൽ അമിത തീരുവ ചുമത്തിയത് പോലുള്ള ആഗോള പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും ഇന്ത്യ കൈവരിച്ച ഈ വളർച്ച രാജ്യത്തിന്റെ കരുത്തുറ്റ സാമ്പത്തിക പ്രതിരോധശേഷിയെയാണ് പ്രതിഫലിപ്പിക്കുന്നത്.
ഐഎംഎഫ് കണക്കുകൾ പ്രകാരം, 2022-ൽ ഇന്ത്യയുടെ ജിഡിപി ബ്രിട്ടനെ മറികടന്നിരുന്നു. അതേസമയം, ജനസംഖ്യയുടെ കാര്യത്തിൽ, 2023-ൽ ഇന്ത്യ ചൈനയെ മറികടന്ന് ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറി. ലോകബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2024-ൽ ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 2,694 ഡോളർ ആയിരുന്നു.
The post ലോകത്തിന് മുന്നിൽ ഇന്ത്യയുടെ കുതിപ്പ്; ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി രാജ്യം appeared first on Express Kerala.



