ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലിന് തുടക്കമിട്ട് രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ റൂട്ട് പ്രഖ്യാപിച്ചു. ഗുവാഹത്തിയിൽ നിന്ന് കൊൽക്കത്തയിലേക്കായിരിക്കും ആദ്യ സർവീസെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. വരും ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും.
ദീർഘദൂര യാത്രക്കാർക്കും രാത്രികാല യാത്രകൾക്കും കൂടുതൽ സൗകര്യവും വേഗതയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രാക്കിലിറങ്ങുന്നത്. കോട്ട-നാഗ്ദ സെക്ഷനിൽ നടന്ന പരീക്ഷണ ഓട്ടത്തിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത കൈവരിച്ചാണ് ട്രെയിൻ യോഗ്യത തെളിയിച്ചത്. ആകെ 16 അത്യാധുനിക എസി കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. ത്രീ-ടയർ എസി 11 കോച്ചുകളും 611 സീറ്റുകൾ, ടൂ-ടയർ എസി 4 കൊച്ചുകളിലായി 188 സീറ്റുകൾ, ഫസ്റ്റ് ക്ലാസ് എസി 1 കോച്ച് 24 സീറ്റുകൾ.
Also Read: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളിയായി ആഗോള പ്രതിസന്ധികൾ: മുന്നറിയിപ്പുമായി റിസർവ് ബാങ്ക്
ഒരേസമയം 823 യാത്രക്കാർക്ക് സഞ്ചരിക്കാനുള്ള സൗകര്യം ട്രെയിനുള്ളിലുണ്ട്. ലോകോത്തര സൗകര്യങ്ങളിൽ മികച്ച ഇന്റീരിയർ, ശബ്ദരഹിതമായ യാത്ര, അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ എന്നിവ വന്ദേ ഭാരത് സ്ലീപ്പറിന്റെ പ്രത്യേകതയാണ്. നിലവിലുള്ള വന്ദേ ഭാരത് ചെയർ കാറുകളുടെ വിജയത്തിന് പിന്നാലെ, സ്ലീപ്പർ ട്രെയിനുകൾ കൂടി വരുന്നതോടെ ഇന്ത്യൻ റെയിൽവേയിലെ രാത്രിയാത്രകൾ കൂടുതൽ ആഡംബരപൂർണ്ണമാകും.
The post റെയിൽവേയിൽ പുതിയ വിപ്ലവം; രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കൊൽക്കത്ത – ഗുവാഹത്തി റൂട്ടിൽ appeared first on Express Kerala.



