loader image
പെട്രോളിനോട് ബൈ പറയാം, പക്ഷേ ചതിക്കുഴികളിൽ വീഴരുത്! ഇലക്ട്രിക് ബൈക്ക് വാങ്ങുന്നവർ ഇത്  അറിഞ്ഞിരിക്കണം

പെട്രോളിനോട് ബൈ പറയാം, പക്ഷേ ചതിക്കുഴികളിൽ വീഴരുത്! ഇലക്ട്രിക് ബൈക്ക് വാങ്ങുന്നവർ ഇത് അറിഞ്ഞിരിക്കണം

ഇന്ത്യൻ നിരത്തുകളിൽ ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ വിപ്ലവം ആഞ്ഞുവീശുകയാണ്. ആകർഷകമായ ഡിസൈനും കുറഞ്ഞ ചിലവും റൈഡർമാരെ ഇ-ബൈക്കുകളിലേക്ക് ആകർഷിക്കുന്നു. നിങ്ങൾ 2026-ൽ ഒരു ഇലക്ട്രിക് മോട്ടോർസൈക്കിൾ വാങ്ങാൻ ഒരുങ്ങുകയാണോ? എങ്കിൽ പണം മുടക്കുന്നതിന് മുൻപ് തീർച്ചയായും അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ താഴെ നൽകുന്നു.

ഇലക്ട്രിക് മോട്ടോർസൈക്കിൾ വാങ്ങും മുൻപ് ശ്രദ്ധിക്കാൻ

യഥാർത്ഥ റേഞ്ച് തിരിച്ചറിയുക: ഒരു ഇലക്ട്രിക് ബൈക്ക് വാങ്ങുമ്പോൾ എല്ലാവരും ആദ്യം ശ്രദ്ധിക്കുന്നത് അതിന്റെ റേഞ്ച് ആണ്. വിപണിയിലുള്ള മിക്ക ബൈക്കുകളും 90 മുതൽ 200 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, കമ്പനികൾ അവകാശപ്പെടുന്ന ഈ ‘ഐഡിയൽ’ റേഞ്ച് പലപ്പോഴും റോഡിലെ സാഹചര്യങ്ങളിൽ ലഭിക്കാറില്ല. അതിനാൽ റൈഡിംഗ് മോഡുകൾക്കനുസരിച്ച് (Eco, Sports) ലഭിക്കുന്ന യഥാർത്ഥ റേഞ്ച് എത്രയാണെന്ന് കൃത്യമായി മനസ്സിലാക്കി മാത്രം തീരുമാനമെടുക്കുക.

ചാർജിംഗ് സൗകര്യങ്ങൾ: വീട്ടിലെ സാധാരണ സോക്കറ്റുകൾ ഉപയോഗിച്ച് ചാർജ് ചെയ്യാമെങ്കിലും ഇതിന് സമയക്കൂടുതൽ വേണ്ടിവരും. അതിനാൽ ഫാസ്റ്റ് ചാർജിംഗ് സൗകര്യമുള്ള ബൈക്കുകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. കൂടാതെ, നിങ്ങളുടെ യാത്രകൾക്കിടയിൽ പൊതു ചാർജിംഗ് സ്റ്റേഷനുകൾ ലഭ്യമാണോ എന്നും പരിശോധിക്കണം.

See also  കമ്പനിപ്പണം തട്ടിയെടുത്തു! കുവൈത്തിൽ പ്രവാസി ഉദ്യോഗസ്ഥൻ പിടിയിൽ

Also Read: ടിവിഎസിന്റെ അഴിഞ്ഞാട്ടം! ഓട്ടോ മൊബൈൽ രംഗത്ത് സമാനതകളില്ലാത്ത കുതിപ്പ്; വിൽപ്പനയിൽ 27% വളർച്ച

ബാറ്ററിയുടെ ഗുണനിലവാരവും വാറന്റിയും: ഇലക്ട്രിക് വാഹനത്തിന്റെ ഹൃദയം അതിന്റെ ബാറ്ററിയാണ്. ഭാരം കുറഞ്ഞതും കൂടുതൽ കരുത്തുള്ളതുമായ ലിഥിയം-അയൺ ബാറ്ററികളാണ് നിലവിൽ ഏറ്റവും മികച്ചത്. ലഡ്-ആസിഡ് ബാറ്ററികൾ ഒഴിവാക്കുന്നതാണ് നല്ലത്. ബാറ്ററിയുടെ ആയുസ്സിനെക്കുറിച്ചും കമ്പനി നൽകുന്ന വാറന്റി കാലാവധിയെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരിക്കണം.

വിശ്വസനീയമായ ബ്രാൻഡ്: വിപണിയിൽ പുതിയ കമ്പനികൾ ധാരാളമായി വരുന്നുണ്ടെങ്കിലും, മികച്ച സർവീസ് ശൃംഖലയുള്ള ബ്രാൻഡുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. വാഹനം വാങ്ങിയ ശേഷം സ്പെയർ പാർട്സുകൾ ലഭിക്കാനോ അറ്റകുറ്റപ്പണികൾക്കോ ബുദ്ധിമുട്ട് നേരിടാത്ത തരത്തിലുള്ള വിശ്വസനീയമായ ബ്രാൻഡുകൾക്ക് മുൻഗണന നൽകുക.

സബ്‌സിഡികളും ലാഭവും: വാഹനത്തിന്റെ വില മാത്രം നോക്കാതെ അതിന്റെ ദീർഘകാല ചിലവുകൾ കൂടി കണക്കാക്കുക. ഇലക്ട്രിക് വാഹനങ്ങൾക്ക് സർക്കാർ നൽകുന്ന സബ്‌സിഡികൾ, കുറഞ്ഞ റോഡ് ടാക്സ്, രജിസ്ട്രേഷൻ ആനുകൂല്യങ്ങൾ എന്നിവ പ്രയോജനപ്പെടുത്താൻ ശ്രമിക്കുക. പെട്രോൾ ചിലവ് ലാഭിക്കുന്നതിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ എത്ര രൂപ മിച്ചം പിടിക്കാമെന്നും മുൻകൂട്ടി കണക്കുകൂട്ടാം.
The post പെട്രോളിനോട് ബൈ പറയാം, പക്ഷേ ചതിക്കുഴികളിൽ വീഴരുത്! ഇലക്ട്രിക് ബൈക്ക് വാങ്ങുന്നവർ ഇത് അറിഞ്ഞിരിക്കണം appeared first on Express Kerala.

Spread the love

New Report

Close