ന്യൂയോർക്ക്: അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള അനുമതി പത്രമായ ഗ്രീൻ കാർഡ് നേടാൻ അമേരിക്കൻ പൗരന്മാരെ വിവാഹം കഴിക്കുന്ന രീതിക്ക് ഇനി കടുത്ത നിയന്ത്രണം. വിവാഹം കഴിച്ചതുകൊണ്ട് മാത്രം ഗ്രീൻ കാർഡ് ലഭിക്കുമെന്ന് ആരും ഉറച്ചു വിശ്വസിക്കേണ്ടതില്ലെന്ന് പ്രമുഖ ഇമിഗ്രേഷൻ അറ്റോർണി ബ്രാഡ് ബേൺസ്റ്റീൻ മുന്നറിയിപ്പ് നൽകി. കുടിയേറ്റ ആനുകൂല്യങ്ങൾ ലക്ഷ്യമിട്ട് മാത്രം നടത്തുന്ന വ്യാജ വിവാഹങ്ങൾ തടയാൻ ട്രംപ് ഭരണകൂടം പരിശോധനകൾ അതീവ കർശനമാക്കുന്നതിന്റെ ഭാഗമായാണിത്.
വിവാഹം രേഖകളിൽ മാത്രം പോരാ, ഒരു മേൽക്കൂരയ്ക്ക് താഴെ വേണം
വിവാഹത്തെ അടിസ്ഥാനമാക്കി ഗ്രീൻ കാർഡിന് അപേക്ഷിക്കുന്ന ദമ്പതികൾ ഒരുമിച്ച് താമസിക്കുന്നുണ്ടോ എന്ന കാര്യത്തിലായിരിക്കും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ജോലി സംബന്ധമായ കാരണങ്ങളാലോ, പഠനത്തിനായോ, സാമ്പത്തിക പ്രതിസന്ധി മൂലമോ ദമ്പതികൾ മാറി താമസിക്കുകയാണെങ്കിൽ ആ കാരണങ്ങളൊന്നും ഇമിഗ്രേഷൻ വിഭാഗം മുഖവിലയ്ക്കെടുക്കില്ല. നിയമപരമായ വിവാഹമെന്നാൽ ഭാര്യാഭർത്താക്കന്മാർ ഒരുമിച്ച് ജീവിക്കണമെന്നാണ് പുതിയ കർശന നിലപാട്. ഒരുമിച്ചല്ലാതെ താമസിക്കുന്നത് വിവാഹ തട്ടിപ്പായി കണക്കാക്കി അപേക്ഷ നിരസിക്കാനും അപേക്ഷകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനും സാധ്യതയുണ്ട്.
Also Read: മഞ്ഞുമലയിലെ ആഡംബര ബാർ ഇന്ന് ശ്മശാന തുല്യം; പുതുവത്സര രാത്രിയിൽ സ്വിറ്റ്‌സർലൻഡിനെ നടുക്കിയ ആ സ്ഫോടനം!
പരിശോധനകൾക്ക് ഇനി ‘മൂന്നാം കണ്ണ്’
വിവാഹം നിയമപരമാണോ എന്ന് മാത്രമല്ല, അത് ആത്മാർത്ഥമായ ബന്ധമാണോ അതോ രേഖകളിൽ മാത്രമാണോ എന്നും ഉദ്യോഗസ്ഥർ ഉറപ്പുവരുത്തും. ദമ്പതികളുടെ മൊത്തത്തിലുള്ള ജീവിതരീതി, അവർ തമ്മിലുള്ള വിശ്വാസ്യത, ബന്ധത്തിന്റെ ആഴം എന്നിവയെല്ലാം സൂക്ഷ്മമായി പരിശോധിക്കപ്പെടും. കുടിയേറ്റ നിയമങ്ങളിലെ പഴുതുകൾ ഉപയോഗിച്ച് എളുപ്പവഴിയിലൂടെ പൗരത്വം നേടാനുള്ള ശ്രമങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. അമേരിക്കൻ പൗരത്വം നേടാനുള്ള എളുപ്പവഴിയായി വിവാഹത്തെ കണ്ടിരുന്നവർക്ക് പുതിയ മാറ്റങ്ങൾ വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
The post ഗ്രീൻ കാർഡ് ഇനി അത്ര എളുപ്പമല്ല! വിവാഹം കഴിച്ചാലും ഒരുമിച്ച് താമസിച്ചില്ലെങ്കിൽ പണി കിട്ടും; ട്രംപ് ഭരണകൂടം പിടിമുറുക്കുന്നു appeared first on Express Kerala.



