പാകിസ്ഥാൻ ടെസ്റ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞത് ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ കടുത്ത അവഗണന മൂലമാണെന്ന് മുൻ ഓസീസ് താരം ജേസൺ ഗില്ലസ്പി. തന്നെ പൂർണ്ണമായും അപമാനിക്കുന്ന തരത്തിലാണ് പിസിബി പെരുമാറിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. എക്സിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവേയാണ് ഗില്ലസ്പി പാക് ക്രിക്കറ്റിലെ അണിയറ രഹസ്യങ്ങൾ പുറത്തുവിട്ടത്.
അപമാനിച്ചത് അസിസ്റ്റന്റ് കോച്ചിനെ പുറത്താക്കിയതിലൂടെ
തന്റെ സീനിയർ അസിസ്റ്റന്റ് കോച്ചായ ടിം നീൽസനെ പുറത്താക്കിയതാണ് ഗില്ലസ്പിയെ ഏറെ ചൊടിപ്പിച്ചത്. “മുഖ്യ പരിശീലകനായ എന്നോട് ഒരു വാക്കുപോലും ചോദിക്കാതെയാണ് അസിസ്റ്റന്റ് കോച്ചിനെ പിസിബി നീക്കം ചെയ്തത്. ഒരു ഹെഡ് കോച്ചിനെ സംബന്ധിച്ചിടത്തോളം ഇത് ഒട്ടും അംഗീകരിക്കാനാവത്ത കാര്യമാണ്. എന്നെയും എന്റെ പദവിയെയും ബോർഡ് ഒട്ടും ബഹുമാനിക്കുന്നില്ലെന്ന് ഇതിലൂടെ വ്യക്തമായി,” ഗില്ലസ്പി കുറിച്ചു.
Also Read: ഇനി ആ ക്ലാസിക് ബാറ്റിംഗ് ഇല്ല! വിരമിക്കൽ പ്രഖ്യാപിച്ച് ഖവാജ; വിടവാങ്ങൽ സിഡ്നിയിലെ മണ്ണിൽ
തുടർച്ചയായ രാജി; പ്രതിസന്ധിയിൽ പാക് ക്രിക്കറ്റ്
2024 ഏപ്രിലിലാണ് ഗില്ലസ്പി പാക് ടെസ്റ്റ് ടീമിന്റെ ചുമതലയേറ്റത്. എന്നാൽ കേവലം എട്ട് മാസങ്ങൾക്കുള്ളിൽ ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് ശേഷം അദ്ദേഹം പടിയിറങ്ങി. ഗില്ലസ്പിയുടെ വിടവാങ്ങലിന് ശേഷവും പാക് ടീമിൽ പരിശീലകർ വന്നും പോയുമിരിക്കുന്നത് പതിവായിരിക്കുകയാണ്. ബോർഡിനുള്ളിലെ ആഭ്യന്തര തർക്കങ്ങളും സെലക്ഷൻ കമ്മിറ്റിയുടെ അമിതമായ ഇടപെടലുകളുമാണ് വിദേശ പരിശീലകരെ പാകിസ്ഥാനിൽ നിന്ന് അകറ്റുന്ന പ്രധാന ഘടകമായി വിലയിരുത്തപ്പെടുന്നത്.
The post അപമാനിതനായി ഇനി അവിടെ തുടരാനാകില്ല! പാക് പരിശീലക സ്ഥാനം വിട്ടത് എന്തിന്? തുറന്നുപറഞ്ഞ് ജേസൺ ഗില്ലസ്പി appeared first on Express Kerala.



