കശ്മീർ ദൗത്യവുമായി ജയസൂര്യ; ‘ഓപ്പറേഷൻ ത്രാളി’ൽ മുരളി ശർമ്മയും

കശ്മീർ ദൗത്യവുമായി ജയസൂര്യ; ‘ഓപ്പറേഷൻ ത്രാളി’ൽ മുരളി ശർമ്മയും

ദേശീയ ഇൻ്റലിജൻസ് പ്രവർത്തനങ്ങളുടെയും സൈന്യത്തിന്‍റെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രമായ ‘ഓപ്പറേഷൻ ത്രാളി’ന്റെ പുതിയ വിശേഷങ്ങൾ പുറത്ത്. ചിത്രത്തിൽ ബോളിവുഡ് താരം മുരളി ശർമ്മയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. താരത്തിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ ചിത്രത്തിലെ അദ്ദേഹത്തിന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. വിവിധ ഭാഷകളിൽ മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ മുരളി ശർമ്മയുടെ സാന്നിധ്യം ചിത്രത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നുണ്ട്.

ജയസൂര്യ നായകനാകുന്ന ഈ ആക്ഷൻ ത്രില്ലറിന്‍റെ രചനയും സംവിധാനവും നിർവഹിക്കുന്നത് രതീഷ് വേഗയാണ്. ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ നടന്ന നിർണായക ഏറ്റുമുട്ടലിനെയും ദേശീയ അന്വേഷണ ഏജൻസിയുടെ പ്രവർത്തനങ്ങളെയും അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ശക്തമായ ദേശസ്നേഹ പ്രമേയവും വൻകിട ആക്ഷൻ രംഗങ്ങളും കോർത്തിണക്കിയാണ് ചിത്രം എത്തുന്നത്.

Also Read: നിവിൻ പോളിയുടെ 51-ാം ചിത്രത്തിന് കൊച്ചിയിൽ തുടക്കം; നായികയായി കന്നഡ താരം രുക്മിണി വസന്ത് മലയാളത്തിലേക്ക്

റിതിക സിംഗ്, കാവ്യ ഷെട്ടി, ആൻസൺ പോൾ, നന്ദലാൽ കൃഷ്ണമൂർത്തി, വിനയ് റായ്, സിദ്ദിഖ്, സായ് കുമാർ, സിറാജുദ്ദീൻ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ‘കിഷ്കിന്ധാ കാണ്ഡം’, ‘രോമാഞ്ചം’ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് ചിത്രം നിർമ്മിക്കുന്നത്. കേരളം, കോയമ്പത്തൂർ, ഡൽഹി, ലഡാക്ക് തുടങ്ങി വിവിധ മനോഹര ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ പാൻ ഇന്ത്യൻ വ്യാപ്തി കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

The post കശ്മീർ ദൗത്യവുമായി ജയസൂര്യ; ‘ഓപ്പറേഷൻ ത്രാളി’ൽ മുരളി ശർമ്മയും appeared first on Express Kerala.

See also  ആദ്യ പ്രണയം എക്കാലവും മായാതെ നില്‍ക്കുന്നത് എന്തുകൊണ്ട്? ശാസ്ത്രം ഞെട്ടിക്കുന്ന സത്യം പറയുന്നു!
Spread the love
Scroll to Top