
ഡല്‍ഹി: എല്‍പിജി ഗാര്‍ഹിക സിലിണ്ടര്‍ ഉപയോക്താക്കള്‍ക്ക് ഇ-കെവൈസി പൂര്‍ത്തിയാക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. പൊതുമേഖല എണ്ണ കമ്പനികളുടെ നിർദ്ദേശപ്രകാരം ഓഗസ്റ്റ് 15-നകം ഇ-കെവൈസി നിര്‍ബന്ധമായും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഈ സമയപരിധിക്കകം നടപടികൾ പൂര്‍ത്തിയാക്കാത്ത ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നിരക്കില്‍ സിലിണ്ടറുകള്‍ ലഭിക്കില്ലെന്നും, വാണിജ്യ നിരക്കില്‍ പണം നൽകി സിലിണ്ടറുകള്‍ വാങ്ങേണ്ടി വന്നേക്കുമെന്നുമാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നിശ്ചിത തീയതിക്കകം ബയോമെട്രിക് അപ്ഡേഷന്‍ നല്‍കിയില്ലെങ്കില്‍ ഗാര്‍ഹിക സിലിണ്ടര്‍ ആനൂകൂല്യം നഷ്ടപ്പെടുമെന്ന് കാണിച്ച് എണ്ണക്കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് ഇതിനോടകം സന്ദേശങ്ങൾ അയച്ചുതുടങ്ങിയിട്ടുണ്ട്. ഇതുസംബന്ധിച്ച് എല്ലാ ഗ്യാസ് ഏജന്‍സികള്‍ക്കും കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 2024-ല്‍ ആരംഭിച്ച ഇ-കെവൈസി അപ്ഡേഷന്‍ നടപടികള്‍ നിലവിൽ കൂടുതൽ കര്‍ശനമാക്കിയിരിക്കുന്നത് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സിലിണ്ടര്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ്. ഗ്യാസ് സിലിണ്ടറുകള്‍ യഥാര്‍ഥ ഉപഭോക്താക്കള്‍ക്ക് തന്നെയാണ് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് ഈ സുരക്ഷാ നടപടി.
വിതരണ ഏജന്‍സികള്‍ മുഖേനയും അതത് കമ്പനികളുടെ ഔദ്യോഗിക ആപ്പ് വഴിയും ഉപഭോക്താക്കൾക്ക് ഓണ്‍ലൈനായി ഇ-കെവൈസി ചെയ്യാം. സിലിണ്ടര്‍ വിതരണത്തിനായി ഡെലിവറി ജീവനക്കാര്‍ വീടുകളിലെത്തുമ്പോഴും നേരിട്ട് അപ്ഡേഷന്‍ പൂര്‍ത്തിയാക്കാൻ സാധിക്കും. ഓണ്‍ലൈന്‍ വഴിയാണ് ചെയ്യുന്നതെങ്കിൽ കമ്പനിയുടെ ആപ്പും ഫോട്ടോ എടുക്കുന്നതിനായി ‘ആധാര്‍ ഫെയ്സ് ആര്‍ഡി’ ആപ്പും ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനായി 1800 2333555 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Also Read:ഇ-25 പെട്രോളിനെക്കുറിച്ച് ആശങ്ക വേണ്ട; പുതിയ ഇന്ധനം ഉടൻ നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ!
ഇന്‍ഡേന്‍, എച്ച്പി ഗ്യാസ്, ഭാരത് ഗ്യാസ് എന്നിവയ്ക്കായി ഇ-കെവൈസി പൂര്‍ത്തിയാക്കേണ്ട ഘട്ടങ്ങൾ താഴെ പറയുന്നവയാണ്.
എല്‍പിജി സിലിണ്ടര്‍ നല്‍കുന്ന കമ്പനിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ഡൗൺലോഡ് ചെയ്യുക.
എല്‍പിജി അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആപ്പില്‍ ലോഗിന്‍ ചെയ്യുക.
രജിസ്റ്റര്‍ ചെയ്ത നമ്പറിലേക്ക് വരുന്ന ഒടിപി നല്‍കി മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യുക.
നിങ്ങളുടെ എല്‍പിജി അക്കൗണ്ട് ആപ്പുമായി ലിങ്ക് ചെയ്യുക (ഇന്‍ഡേന്‍ ഗ്യാസിനാണെങ്കിൽ 16 അക്ക എല്‍പിജി ഐഡി നല്‍കേണ്ടതാണ്. ബിപിസിഎല്‍, എച്ച്പിസിഎല്‍ ആപ്പുകളില്‍ ഇ-കെവൈസി ഓപ്ഷന്‍ നേരിട്ട് ലഭ്യമാണ്).
ആപ്പിലെ ഇ-കെവൈസി ഓപ്ഷന്‍ ഓപ്പണ്‍ ചെയ്യുക (ഇന്‍ഡേന്‍ ഗ്യാസ്: മൈ പ്രൊഫൈല്‍ വിഭാഗത്തിന് കീഴിലും, ഭാരത് ഗ്യാസ്: ഹോം പേജിലും, എച്ച്പി ഗ്യാസ്: എച്ച്പി പേ ആപ്പിലെ എല്‍പിജി സെക്ഷന് കീഴിലും ഇത് കാണാം).
നിബന്ധനകള്‍ വായിച്ച് മനസിലാക്കിയ ശേഷം ആധാര്‍ അധിഷ്ഠിത ഫെയ്‌സ് ഓതന്റിക്കേഷന് സമ്മതം നൽകുക.
ഫെയ്‌സ് സ്‌കാന്‍ ടാപ്പ് ചെയ്ത് ആധാര്‍ ഫെയ്‌സ്ആര്‍ഡി ആപ്പ് വഴി മുഖം സ്‌കാന്‍ ചെയ്യുക. തുടര്‍ന്ന് വരുന്ന നിര്‍ദ്ദേശങ്ങൾ പാലിച്ച് ഇ-കെവൈസി നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കുക.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)
The post പശ്ചിമേഷ്യൻ പ്രതിസന്ധിയും ഗ്യാസ് ക്ഷാമവും; എല്‍പിജി ഇ-കെവൈസി നടപടികൾ കർശനമാക്കുന്നതിന് പിന്നിലെ കാരണം appeared first on Express Kerala.




