ഒമാൻ: 2026 ജനുവരി 1 മുതൽ വിവാഹത്തിന് മുമ്പുള്ള ആരോഗ്യ പരിശോധന ഒമാനി പൗരന്മാർക്ക് നിർബന്ധമാക്കി. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് പുറപ്പെടുവിച്ച രാജകീയ ഉത്തരവ് (111/2025) പ്രകാരമാണ് പരിശോധന നിർബന്ധമാക്കിയിരിക്കുന്നത്.
ഒമാനി പൗരന്മാർക്കും, പങ്കാളികളിൽ ഒരാൾ ഒമാനി പൗരനാണെങ്കിലും ഈ നിയമം ബാധകമാണ്. രാജ്യത്തിനകത്തും പുറത്തും നടക്കുന്ന വിവാഹങ്ങൾക്കും ഇത് ബാധകമായിരിക്കും. ആരോഗ്യ പരിശോധന പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഹാജരാക്കാതെ വിവാഹ കരാർ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് അനുവാദമില്ല. പരിശോധനാ ഫലങ്ങൾ ദമ്പതികളെ മാത്രം അറിയിക്കണം. ഇത് മൂന്നാമതൊരാൾക്ക് വെളിപ്പെടുത്തുന്നത് നിയമപരമായി നിരോധിച്ചിട്ടുണ്ട്. ആവശ്യമായ സാഹചര്യങ്ങളിൽ കൗൺസിലിംഗ് നൽകുകയും ചെയ്യും. നിയമം ലംഘിക്കുന്നവർക്ക് 10 ദിവസം മുതൽ 6 മാസം വരെ തടവോ, 100 മുതൽ 1,000 ഒമാനി റിയാൽ വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടുമോ ശിക്ഷയായി ലഭിക്കാം.
Also Read: ഗൾഫ് എയറിന് കുതിപ്പിന്റെ നവംബർ; ആറ് ലക്ഷം യാത്രക്കാർ, വിസ്മയിപ്പിക്കുന്ന വളർച്ചയുമായി ഗൾഫ് എയർ
ഒമാനിൽ വിവാഹപൂർവ ആരോഗ്യ പരിശോധന നടപ്പിലാക്കിയത് നേരിട്ടുള്ള ഒരു നടപടിയായല്ല, മറിച്ച് മൂന്ന് ഘട്ടങ്ങളായുള്ള ആസൂത്രണത്തിലൂടെയാണ്. ഒന്നാം ഘട്ടം (2024-25) പരിശോധന ഐച്ഛികമായിരുന്നു. ജനങ്ങൾക്കിടയിൽ ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിലായിരുന്നു ശ്രദ്ധ. രണ്ടാം ഘട്ടം (2025-26) പരിശോധന ഐച്ഛികമായി തുടരുകയും അതോടൊപ്പം അക്കാദമിക് വർഷാരംഭത്തിൽ വിദ്യാർത്ഥികളെ കൂടി ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. മൂന്നാം ഘട്ടം (2026 ജനുവരി 1 മുതൽ) പരിശോധന നിയമപരമായി നിർബന്ധമാക്കി. തുടർച്ചയായ ബോധവത്കരണത്തിലൂടെ സമൂഹം വരാനിരിക്കുന്ന വർഷങ്ങളിൽ പരിശോധനയുടെ പ്രാധാന്യം പൂർണമായി അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post വിവാഹ രജിസ്‌ട്രേഷൻ നടപടികൾക്ക് ഇനി മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധം; ഹാജരാക്കാത്തവർക്ക് വിവാഹ കരാർ അനുവദിക്കില്ല appeared first on Express Kerala.



