ആരോഗ്യം ശ്രദ്ധിക്കുന്നവർക്കും തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരു അത്ഭുത വാർത്ത. ജിമ്മിൽ പോകാതെയും ഡയറ്റീഷ്യനെ കാണാതെയും വെറും 12 ആഴ്ച കൊണ്ട് ഒരാൾ കുറച്ചത് 27 കിലോയാണ്! ഇതിന് സഹായിച്ചതാകട്ടെ നമ്മൾ സ്ഥിരം ഉപയോഗിക്കുന്ന ചാറ്റ് ജിപിടി എന്ന എഐ സാങ്കേതികവിദ്യയും. ഹസൻ എന്ന ടെക് വിദഗ്ധൻ തന്റെ ഈ അവിശ്വസനീയമായ മാറ്റത്തിന്റെ രഹസ്യങ്ങൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.
ദിവസേനയുള്ള കൃത്യമായ അച്ചടക്കവും ചാറ്റ് ജിപിടിയോട് ചോദിച്ച 7 പ്രധാന ചോദ്യങ്ങളുമാണ് തന്നെ ഈ നേട്ടത്തിലേക്ക് എത്തിച്ചതെന്ന് ഹസൻ പറയുന്നു. സ്വന്തം തൂക്കവും പ്രായവും ലക്ഷ്യവും എഐ-ക്ക് നൽകിക്കൊണ്ട് തനിക്ക് അനുയോജ്യമായ ഒരു വർക്കൗട്ട് പ്ലാനും ഭക്ഷണക്രമവും അദ്ദേഹം തയ്യാറാക്കി. വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങൾക്കും, പണമധികം ചെലവാകാത്ത ആരോഗ്യകരമായ ഭക്ഷണരീതിക്കുമാണ് അദ്ദേഹം മുൻഗണന നൽകിയത്. താൻ ഉപയോഗിച്ച 7 പ്രധാന പ്രോംപ്റ്റുകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
1. ശരീര വിശകലനവും ലക്ഷ്യവും“എന്റെ നിലവിലെ ഭാരം: [കിലോ ചേർക്കുക], ഉയരം: [സെന്റിമീറ്റർ ചേർക്കുക], പ്രായം: [പ്രായം ചേർക്കുക], ലിംഗം: [പുരുഷൻ/സ്ത്രീ]. എന്റെ ലക്ഷ്യം: കൊഴുപ്പ് കുറയ്ക്കുക, പേശീബലം കൂട്ടുക (gain lean muscle). നീ ഒരു പേഴ്സണൽ ട്രെയിനറായും ന്യൂട്രിഷനിസ്റ്റായും പ്രവർത്തിക്കുക. ജിമ്മിൽ പോകാതെ തന്നെ ചെയ്യാവുന്ന 12 ആഴ്ചത്തെ പ്രായോഗികമായ ഫിറ്റ്‌നസ് പ്ലാനും ഭക്ഷണക്രമവും എനിക്കായി തയ്യാറാക്കി നൽകുക.”
2. ഭക്ഷണക്രമം“ദിവസവും 1800 കലോറി അടങ്ങിയ 7 ദിവസത്തെ ഭക്ഷണക്രമം (Meal Plan) തയ്യാറാക്കുക. അതിൽ 120 ഗ്രാമിൽ കൂടുതൽ പ്രോട്ടീൻ ഉണ്ടായിരിക്കണം. സംസ്കരിച്ച കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കണം. എളുപ്പത്തിൽ പാകം ചെയ്യാവുന്നതും വില കുറഞ്ഞതുമായ സാധനങ്ങൾ ആയിരിക്കണം ഉൾപ്പെടുത്തേണ്ടത്. ഓരോ ഭക്ഷണത്തിലെയും മാക്രോസ് (Macros), വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് (Grocery list) എന്നിവ നൽകുക. ഞാൻ [ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ] കഴിക്കാറില്ല.”
3. വീട്ടിൽ ചെയ്യാവുന്ന വ്യായാമങ്ങൾ“ജിം ഉപകരണങ്ങൾ ഇല്ലാതെ വീട്ടിൽ ചെയ്യാവുന്ന ആഴ്ചയിൽ 4 ദിവസത്തെ വർക്കൗട്ട് പ്ലാൻ തയ്യാറാക്കുക. കൊഴുപ്പ് കുറയ്ക്കാനും ശരീരത്തിന് കരുത്ത് കൂട്ടാനും മൊബിലിറ്റിക്കും പ്രാധാന്യം നൽകണം. ഓരോ സെഷനും 25–35 മിനിറ്റ് ആയിരിക്കണം. 12 ആഴ്ചകൾ കഴിയുന്തോറും വ്യായാമത്തിന്റെ കാഠിന്യം വർദ്ധിപ്പിക്കണം.”
4. ഭക്ഷണത്തോടുള്ള ആസക്തി നിയന്ത്രിക്കാൻ“മധുരത്തോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കുന്ന, 200 കലോറിയിൽ താഴെയുള്ളതും എന്നാൽ വയർ നിറയ്ക്കുന്നതുമായ (high-volume) 10 ലഘുഭക്ഷണങ്ങളുടെ ലിസ്റ്റ് നൽകുക. കൂടാതെ, അമിതമായി ഭക്ഷണം കഴിക്കാൻ തോന്നുമ്പോൾ (binge eating) സ്വയം പറഞ്ഞു നിയന്ത്രിക്കാൻ സഹായിക്കുന്ന ചെറിയൊരു വാചകവും (script) എനിക്ക് നൽകുക.”
5. ശീലങ്ങൾ നിരീക്ഷിക്കാൻ“നീ എന്റെ ഫിറ്റ്‌നസ് അക്കൗണ്ടബിലിറ്റി കോച്ചായി പ്രവർത്തിക്കുക. എല്ലാ ദിവസവും രാത്രി എനിക്ക് പൂരിപ്പിക്കാൻ പാകത്തിൽ 5 ചോദ്യങ്ങൾ ചോദിക്കുക (ഉദാഹരണത്തിന്: ഇന്ന് മീൽ പ്ലാൻ കൃത്യമായി പിന്തുടർന്നോ? വ്യായാമം ചെയ്തോ? എത്ര മണിക്കൂർ ഉറങ്ങി?). ഇത് ഒരു ഹാബിറ്റ് ട്രാക്കർ ഫോർമാറ്റിൽ നൽകുക.”
6. മാനസികാരോഗ്യം“5 മിനിറ്റിനുള്ളിൽ എഴുതിത്തീർക്കാവുന്ന ഒരു മോണിംഗ് ജേർണലിംഗ് സ്ക്രിപ്റ്റ് തയ്യാറാക്കുക. അതിൽ ഇവ ഉൾപ്പെടണം: 1) എന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ, 2) ഇന്ന് ഞാൻ ചെയ്യുന്ന ഒരു പ്രധാന കാര്യം, 3) എനിക്ക് നന്ദിയുള്ള കാര്യങ്ങൾ, 4) ഫിറ്റ്‌നസുമായി ബന്ധപ്പെട്ട ഒരു പോസിറ്റീവ് വാചകം (affirmation).”
7. ആഴ്ചതോറുമുള്ള അവലോകനം“എല്ലാ ഞായറാഴ്ചയും എന്റെ തൂക്കം, അരവണ്ണത്തിന്റെ അളവ്, ആ ആഴ്ചയിലെ എന്റെ കൃത്യനിഷ്ഠ (1 മുതൽ 10 വരെയുള്ള സ്കോർ) എന്നിവ വിലയിരുത്താൻ എന്നെ സഹായിക്കുക. ആ ഫലങ്ങൾ അനുസരിച്ച് അടുത്ത 7 ദിവസത്തേക്ക് എന്റെ ഭക്ഷണക്രമത്തിലോ വ്യായാമത്തിലോ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കുക.”
സാങ്കേതികവിദ്യയെ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ അത് നമ്മുടെ ജീവിതശൈലിയെത്തന്നെ മാറ്റിമറിക്കുമെന്നാണ് ഹസന്റെ ഈ അനുഭവം തെളിയിക്കുന്നത്. സ്മാർട്ട് ആയി ചിന്തിച്ചാൽ ജിമ്മിന് പുറത്തും ആരോഗ്യം സംരക്ഷിക്കാം എന്ന് ഹസൻ ഉറപ്പിച്ചു പറയുന്നു. സ്മാർട്ട് ഫോണും കൃത്യമായ ലക്ഷ്യബോധവുമുണ്ടെങ്കിൽ ആർക്കും ഇത് സാധ്യമാണെന്നാണ് ഈ മാറ്റം നമുക്ക് കാണിച്ചുതരുന്നത്.
The post ജിമ്മില്ല, ട്രെയിനറില്ല; ചാറ്റ് ജിപിടി വഴി 27 കിലോ കുറച്ച് യുവാവ്! appeared first on Express Kerala.



