
തിരുവനന്തപുരം: ഡൽഹിയിലെ സി.ജെ.പി സമരത്തിൽ പങ്കെടുത്ത സ്ത്രീകൾക്കെതിരെ വിദ്വേഷ പരാമർശം നടത്തുകയും സമരക്കാരെ വെടിവെച്ചുകൊല്ലണമെന്ന് പ്രസ്താവിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ സംഘപരിവാർ സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിന് കോടതി ജാമ്യം അനുവദിച്ചത് പ്രായവും ആരോഗ്യസ്ഥിതിയും മുൻനിർത്തി (TG Mohandas bail conditions court). തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.
തനിക്ക് 71 വയസ്സുണ്ടെന്നും സ്ട്രോക്ക് വന്നതിന് പുറമേ പാർക്കിൻസൺസ്, സോറിയാസിസ് തുടങ്ങിയ രോഗങ്ങളാൽ വലയുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് മോഹൻദാസ് ജാമ്യാപേക്ഷ സമർപ്പിച്ചത്. പരമാവധി മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്നും, രാഷ്ട്രീയപ്രേരിതമായ അറസ്റ്റിൽ ആരോഗ്യ ഇളവുകൾ അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു. തുടർന്ന് അന്വേഷണവുമായും വിചാരണയുമായും സഹകരിക്കണം, സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, പോലീസ് ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്നീ കശന ഉപാധികളോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
കേസിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ കണ്ടെത്താനുണ്ടെന്നും പ്രതി ജാമ്യത്തിലിറങ്ങിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി പോലീസ് റിമാൻഡ് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും കോടതി ഇത് തള്ളി. മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്ന് തിരുവനന്തപുരം സൈബർ പോലീസ് കസ്റ്റഡിയിലെടുത്ത മോഹൻദാസിന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ജാമ്യം ലഭിച്ച് കോടതിക്ക് പുറത്തിറങ്ങിയ മോഹൻദാസ് മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
Story Summary: The Thiruvananthapuram ACJM court granted conditional bail to Sangh Parivar strategist T.G. Mohandas in a hate speech case, considering his advanced age and medical conditions.




