
വാഷിങ്ടൺ: ഷോപ്പിങ്ങിന് പോകാൻ കാറിന് പകരം സ്വന്തം ഹെലികോപ്റ്റർ തിരഞ്ഞെടുത്ത 69കാരന്റെ വിചിത്ര യാത്രയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് (Man Flies Helicopter Shopping). അമേരിക്കയിലെ വിസ്കോൺസിനിലാണ് സംഭവം. ഹൈവേയിലൂടെ കാറോടിച്ച് പോകാൻ ഏറെ സമയമെടുക്കുമെന്ന കാരണത്താലാണ് റൊസെൻഡെയിൽ സ്വദേശിയായ ഇയാൾ ഹെലികോപ്റ്ററിൽ യാത്ര ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി. റിച്ച്ഫീൽഡ് ഗ്രാമത്തിലെ കാബെലാസ് എന്ന ഔട്ട്ഡോർ സപ്ലൈ സ്റ്റോറിന്റെ പാർക്കിങ് ഏരിയയിലാണ് ഹെലികോപ്റ്റർ ഇറക്കിയത്. സംഭവത്തെ തുടർന്ന് വാഷിങ്ടൺ കൗണ്ടി ഷെരീഫിന്റെ ഡെപ്യൂട്ടി സ്ഥലത്തെത്തി പൈലറ്റിനെ ചോദ്യം ചെയ്തു. ഹെലികോപ്റ്റർ ഇവിടെ ഇറക്കിയതിന്റെ കാരണം ചോദിച്ചപ്പോഴാണ് “ഡ്രൈവ് വളരെ ദൈർഘ്യമേറിയതാണ്” എന്നായിരുന്നു പൈലറ്റിന്റെ മറുപടി.
സംഭവത്തിൽ കൂടുതൽ പരിശോധന നടത്തിയ അധികൃതർക്ക് പൈലറ്റ് സാധുവായ ലൈസൻസുള്ളയാളാണെന്നും ഹെലികോപ്റ്റർ സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും വ്യക്തമായി. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) ചട്ടങ്ങൾ പാലിച്ചാണ് ലാൻഡിങ് നടത്തിയതെന്നും അധികൃതർ അറിയിച്ചു. ഹെലികോപ്റ്റർ ലാൻഡിങ്ങുമായി ബന്ധപ്പെട്ട ആവശ്യമായ നിബന്ധനകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും പൈലറ്റ് മറുപടി നൽകി.
ഒടുവിൽ നിയമലംഘനങ്ങളൊന്നും കണ്ടെത്തിയില്ലെന്നും പൈലറ്റിനെതിരെ കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും വാഷിങ്ടൺ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. കാബെലാസ് സ്റ്റോറിന് മുന്നിലുള്ള നിരവധി റൗണ്ട്എബൗട്ടുകൾ ഒഴിവാക്കാനും സമയലാഭത്തിനുമായി നടത്തിയ അസാധാരണമായ ഷോപ്പിങ് യാത്രയെന്നായിരുന്നു അധികൃതരുടെ രസകരമായ വിലയിരുത്തൽ. സംഭവത്തിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലും രസകരമായ പ്രതികരണങ്ങളാണ് നിറയുന്നത്. ഷോപ്പിങ് കഴിഞ്ഞ് ഹെലികോപ്റ്റർ ഏത് പാർക്കിങ് ഭാഗത്താണ് നിർത്തിയതെന്ന് മറക്കാതിരിക്കാൻ പൈലറ്റ് സ്ഥലം ഓർത്തുവെച്ചിട്ടുണ്ടാകുമെന്നായിരുന്നു ഒരാളുടെ തമാശ. സ്വന്തമായി ഹെലികോപ്റ്റർ ഉണ്ടായിരുന്നെങ്കിൽ താനും എല്ലായിടത്തേക്കും അതിൽ പറന്നുപോകുമായിരുന്നുവെന്നും മറ്റൊരാൾ കുറിച്ചു.
Summary: A 69-year-old Wisconsin man flew his personal helicopter to a Cabela’s store in Richfield simply because driving there took too long. The properly licensed pilot landed safely, complied with FAA regulations and faced no violations or arrests, leaving social media amused by his unusual shopping trip.




