
സൗദി അറേബ്യയിലെ റെസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ള എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും നിരീക്ഷണവും സുതാര്യതയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിപ്ലവാത്മക മാറ്റങ്ങളുമായി മുനിസിപ്പൽ മന്ത്രാലയം. ഫീൽഡ് പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥർ ഇനി ശരീരത്തിൽ ധരിക്കുന്ന പ്രത്യേക ‘ബോഡി ക്യാമറകൾ’ നിർബന്ധമാക്കാനാണ് അധികൃതരുടെ തീരുമാനം. ഭക്ഷ്യശാലകളിലെ നിയമലംഘനങ്ങളും സുരക്ഷാ വീഴ്ചകളും യാതൊരുവിധ തർക്കങ്ങൾക്കും ഇടയില്ലാത്ത വിധം കൃത്യമായി രേഖപ്പെടുത്താനും സുതാര്യത ഉറപ്പാക്കാനുമാണ് ഈ സ്മാർട്ട് നിരീക്ഷണ സംവിധാനം നടപ്പിലാക്കുന്നത്.
പരിശോധനാ സമയത്തെ ദൃശ്യങ്ങളും ശബ്ദവും തത്സമയം പകർത്തി മന്ത്രാലയത്തിന്റെ ‘മുംതസിൽ’ ആപ്പിലേക്ക് നേരിട്ട് ലഭ്യമാക്കാൻ ഈ ക്യാമറകൾക്ക് കഴിയും. ഫീൽഡ് പരിശോധനകളിൽ പരമാവധി സുതാര്യത ഉറപ്പുവരുത്തുന്നതിനോടൊപ്പം ഉദ്യോഗസ്ഥരുടെയും സ്ഥാപന ഉടമകളുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കാനും ഈ സംവിധാനം ഏറെ പ്രയോജനപ്പെടും. വ്യാജ ആരോപണങ്ങളും അനാവശ്യ തർക്കങ്ങളും ഒഴിവാക്കാനും ഒപ്പം ഉദ്യോഗസ്ഥരുടെ പ്രവർത്തന നിലവാരം കൃത്യമായി വിലയിരുത്താനും ഇതിലൂടെ സാധിക്കും.
Also Read: കസ്റ്റംസിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്; അബുദാബിയിൽ വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്ന് മുന്നറിയിപ്പുമായി അധികൃതർ
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി തൊഴിലാളികളുടെ ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലാക്കൽ, ജീവനക്കാർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം, ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള ശുചിത്വ പരിശോധനകൾ എന്നിവയും മന്ത്രാലയം ഊർജ്ജിതമാക്കിയിട്ടുണ്ട്. സ്ഥാപനങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങളോ ശുചിത്വമില്ലായ്മയോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉടൻ അധികൃതരെ വിവരമറിയിക്കണം. ബോഡി ക്യാമറ സംവിധാനം നിലവിൽ വന്നതോടെ ഇത്തരം പരാതികളിൽ കൂടുതൽ വേഗത്തിലും സുതാര്യമായും നടപടിയെടുക്കാൻ സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
The post റെസ്റ്റോറന്റുകളിൽ പോയി ഇനി ചുമ്മാ തർക്കിക്കേണ്ട! സൗദിയിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറകൾ നിർബന്ധമാക്കി appeared first on Express Kerala.




