
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സെപ്റ്റംബർ ഒന്നിന് ഡൽഹി രാംലീല മൈതാനിയിൽ സംഘടിപ്പിക്കുന്ന ‘ഡൽഹി ചലോ’ പ്രതിഷേധ റാലിക്കായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI Delhi Chalo train cancelled Railways) മുൻകൂട്ടി ബുക്ക് ചെയ്ത പ്രത്യേക ട്രെയിൻ റെയിൽവേ റദ്ദാക്കി. മുൻകൂറായി നൽകിയ 10 ലക്ഷം രൂപ റെയിൽവേ അക്കൗണ്ടിലേക്ക് തിരികെ നൽകുകയായിരുന്നു. ഡൽഹി ചലോ സമരം പൊളിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ബോധപൂർവ്വമായ നീക്കമാണിതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു.
സാധാരണ ട്രെയിനുകളിലെ വലിയ തിരക്ക് കാരണം പ്രവർത്തകർക്ക് യാത്ര ചെയ്യാൻ പ്രയാസമായതിനെ തുടർന്നാണ് കൊച്ചുവേളിയിൽ നിന്ന് ഡൽഹിയിലേക്ക് ഒരു ട്രെയിൻ മുഴുവനായി വാടകയ്ക്ക് എടുക്കാൻ സിപിഐ തീരുമാനിച്ചത്. 18 തേർഡ് എസി കംപാർട്മെന്റുകളും രണ്ട് നോൺ എസി ബോഗികളും ഉൾപ്പെടെ 20 ബോഗികളുള്ള ട്രെയിനിൽ കേരളത്തിൽ നിന്ന് 1400-ലധികം നേതാക്കളും പ്രവർത്തകരും വോളന്റിയർമാരും പങ്കാളികളാകുമെന്നാണ് കരുതപ്പെട്ടിരുന്നത്. ഓഗസ്റ്റ് 29-ന് പുറപ്പെട്ട് ഓഗസ്റ്റ് 31-ന് ഡൽഹിയിൽ എത്തുന്ന രീതിയിലായിരുന്നു യാത്ര ക്രമീകരിച്ചിരുന്നത്.
തമിഴ്നാട്ടിൽ നിന്നുള്ള പ്രവർത്തകരെ ഡൽഹിയിലെത്തിക്കാൻ ബുക്ക് ചെയ്തിരുന്ന മറ്റ് രണ്ട് ട്രെയിനുകളും റെയിൽവേ റദ്ദാക്കിയിട്ടുണ്ടെന്നാണ് വിവരം. റെയിൽവേയുടെ മുൻകൂട്ടി അറിയിപ്പില്ലാത്ത നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാർച്ചുകൾ സംഘടിപ്പിക്കുമെന്നും, തടസ്സങ്ങൾ മറികടന്ന് ലഭ്യമായ എല്ലാ മാർഗ്ഗങ്ങളിലൂടെയും പ്രവർത്തകർ ഡൽഹിയിലെത്തി പ്രതിഷേധ റാലി വിജയിപ്പിക്കുമെന്നും സിപിഐ നേതൃത്വം വ്യക്തമാക്കി.
Story Summary: Indian Railways cancelled a special train booked by the CPI for ₹10 lakh for its upcoming ‘Delhi Chalo’ rally on September 1, leading CPI State Secretary Binoy Viswam to allege a deliberate move by the Central Government to foil the protest.




