
വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷത്തിൽ അമേരിക്കയുടെ പ്രഥമ പരിഗണന ഇനി അവിടുത്തെ ആണവ പദ്ധതികൾ തടയലല്ലെന്നും, മറിച്ച് യു.എസ് ഉപഭോക്താക്കൾക്കായി ഗ്യാസൊലിൻ വില കുറയ്ക്കുകയാണെന്നും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. അഭിമുഖത്തിലാണ് അദ്ദേഹം അമേരിക്കയുടെ നിലപാട് അദ്ദേഹം അറിയിച്ചത്. ഇതിന് പുറമെ ഇറാനെ സാമ്പത്തികമായി തളർത്താൻ തക്കവിധമുള്ള കടുത്ത ഉപരോധ നടപടികൾ ഉടൻ ഉണ്ടാകുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റും കൂട്ടിച്ചേർത്തു.(US Iran war, US Priorities In Iran Conflict Shift To Fuel Prices Over Nuclear Issue Says JD Vance)
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ഗതാഗത പാതയായ ‘സ്ട്രെയിറ്റ് ഓഫ് ഹോർമുസ്’ ഉപരോധിച്ചതിലൂടെ ഇറാൻ നേടിയ തന്ത്രപരമായ മുൻതൂക്കമാണ് അമേരിക്കയുടെ ഈ പിന്മാറ്റത്തിന് പിന്നിൽ. വരാനിരിക്കുന്ന നവംബർ മിഡ്‌ടേം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, രാജ്യത്ത് ആഭ്യന്തരമായി ഉയർന്ന ഇന്ധനവിലയും ട്രംപിന്റെ ജനപ്രീതിയിലുണ്ടായ വൻ ഇടിവും യു.എസ് ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ഫെബ്രുവരി അവസാനത്തോടെ ട്രംപും ഇസ്രായേലും ചേർന്ന് തുടങ്ങിയ യുദ്ധത്തിന് മുൻപ് സ്ട്രെയിറ്റ് ഓഫ് ഹോർമുസിലൂടെയുള്ള ചരക്കുനീക്കം സുഗമമായിരുന്നു. എന്നാൽ തിരിച്ചടിയായി ഇറാൻ ഈ പാത അടച്ചതോടെ ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുകയായിരുന്നു. “അമേരിക്കക്കാർക്ക് എണ്ണയും ഗ്യാസും വിലകുറവിൽ ലഭ്യമാക്കുക എന്നതാണ് ഒന്നാമത്തെ ലക്ഷ്യം. ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നത് അതിന് ശേഷമുള്ള രണ്ടാമത്തെ ലക്ഷ്യം മാത്രമാണ്,” എന്ന് വാൻസ് തുറന്നുപറഞ്ഞു.
അതിനിടെ, ഇറാന് മേൽ ചരിത്രത്തിലില്ലാത്തവിധം “സാമ്പത്തിക ഒറ്റപ്പെടൽ” ഏൽപ്പിക്കുമെന്നും ഇതിനായുള്ള പുതിയ പ്രഖ്യാപനങ്ങൾ അടുത്ത ആഴ്ചയുണ്ടാകുമെന്നും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് അറിയിച്ചു. സൈനികമായ വൻ ആക്രമണങ്ങൾക്ക് മുതിരാതെ സാമ്പത്തിക ഉപരോധത്തിലൂടെയും തുറമുഖങ്ങൾ ഉപരോധിച്ചും ഇറാനെ കീഴ്പ്പെടുത്താമെന്ന കണക്കുകൂട്ടലിലാണ് നിലവിൽ യു.എസ് ഭരണകൂടം.
Story Summary
US Vice President JD Vance stated that the top US priority in the Iran conflict has shifted from stopping Tehran’s nuclear program to lowering gasoline prices for American consumers. As the blockade of the Strait of Hormuz continues to drive up oil prices and affect domestic elections, the Trump administration is now leaning towards severe economic sanctions rather than large-scale military attacks to wear down Iran.




