
കൊല്ലം: കൊട്ടാരക്കരയിൽ 150 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി (Kottarakkara drug bust). കൊട്ടാരക്കര സ്വദേശികളായ ബിപിൻ, അനന്തു, അതുൽ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം റൂറൽ ഡാൻസാഫ് സംഘവും കൊട്ടാരക്കര പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
പിടികൂടിയ എംഡിഎംഎയ്ക്ക് ഏകദേശം ആറ് ലക്ഷം രൂപ വിലവരുമെന്നാണ് പൊലീസ് പറയുന്നത്. ചെറുകിട ലഹരി വിൽപ്പനക്കാരിൽ നിന്ന് പണം ശേഖരിച്ച ശേഷം ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ.
ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി സംഘങ്ങളുമായി പ്രതികൾക്ക് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു. ബസിൽ ലഹരിമരുന്നുമായി പ്രതികൾ കൊട്ടാരക്കരയിലേക്ക് എത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ്, ഡാൻസാഫ് സംഘം എന്നിവർ പരിശോധന ശക്തമാക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ ലഹരിമരുന്നുമായി മൂവരെയും പിടികൂടുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Story Summary:
Three youths were arrested in Kottarakkara with 150 grams of MDMA in a joint operation by the Kollam Rural DANSAF team and Kottarakkara Police. Police said the accused allegedly sourced the drug from Bengaluru using money collected from small-scale drug dealers.




