
കൊല്ലം: കരുനാഗപ്പള്ളി മദ്യവിൽപ്പനശാലയിൽ ഉപഭോക്താവിൽ നിന്ന് മദ്യത്തിന് അമിതവില ഈടാക്കിയ സംഭവത്തിൽ രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ (Karunagappally Bevco). അസിസ്റ്റന്റ് സുധിൻ രാജ്, ബില്ലിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അമൽ ദേവ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ബെവ്‌കോ എം.ഡിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേരള സംസ്ഥാന ബിവറേജസ് കോർപറേഷന്റെ തിരുവല്ല വെയർഹൗസിന് കീഴിലുള്ള കരുനാഗപ്പള്ളി ചില്ലറ വിൽപ്പനശാലയിലാണ് സംഭവം നടന്നത്. 11-ാം തീയതി മൂന്ന് ലിറ്റർ മദ്യം ബിൽ ചെയ്തപ്പോൾ ഉപഭോക്താവിൽ നിന്ന് 50 രൂപ അധികമായി ഈടാക്കിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഉപഭോക്താക്കളിൽ നിന്ന് തുടർച്ചയായി അധിക തുക ഈടാക്കുന്നത് തടയുന്നതിൽ ഷോപ്പ് ഇൻചാർജായ സുധിൻ രാജ് ഗുരുതര വീഴ്ച വരുത്തിയതായി സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. ഷോപ്പിലെ സാമ്പത്തിക ക്രമക്കേടുകൾ തടയുന്നതിലും ആവശ്യമായ മേൽനോട്ടം വഹിക്കുന്നതിലും വീഴ്ച സംഭവിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ ശക്തമായ നിലപാടുമായി മന്ത്രി എം. ലിജുവും രംഗത്തെത്തി. മദ്യം പൂഴ്ത്തിവച്ച് വില വർധിപ്പിച്ച് വിൽക്കാമെന്ന് ആരും കരുതേണ്ടതില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. അഴിമതിയോ ക്രമക്കേടുകളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് മന്ത്രിയെ നേരിട്ട് ബന്ധപ്പെടാമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Summary:
Two Bevco employees have been suspended after a customer was allegedly charged ₹50 extra for three litres of liquor at the Karunagappally outlet in Kollam. The action was taken based on a report submitted by the Bevco Managing Director.




