
കൊച്ചി: തമിഴ്നാട്ടിൽ നടൻ മമ്മൂട്ടിക്ക് ലഭിച്ച സ്നേഹത്തിന്റെയും സഹായത്തിന്റെയും കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് (Mammootty fan Pandian). ഷൂട്ടിങ് ആവശ്യത്തിനായി കാരയ്ക്കുടിയിലെത്തി മടങ്ങുന്നതിനിടെ ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചതോടെ മമ്മൂട്ടിക്കും സിനിമാ സംഘത്തിനും സഹായമായത് പാണ്ഡ്യൻ എന്ന തമിഴ്നാട് സ്വദേശിയാണ്.
സംഭവം നിർമാതാവ് ആന്റോ ജോസഫ് ഫേസ്ബുക്കിൽ പങ്കുവച്ചതോടെയാണ് ശ്രദ്ധേയമായത്. മമ്മൂട്ടി കമ്പനി നിർമിച്ച് നിധീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആവശ്യങ്ങൾക്കായി തമിഴ്നാട്ടിലെത്തിയ സംഘം കേരളത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
മമ്മൂട്ടിക്കൊപ്പം ജോർജ്, ഉണ്ണി, രമേഷ് പിഷാരടി എന്നിവരും ഉണ്ടായിരുന്നു. തിരുപ്പത്തൂരിൽ ഹൈവേ തടസപ്പെട്ടതിനെ തുടർന്ന് സംഘം വഴിമാറി യാത്ര ചെയ്യാൻ ശ്രമിച്ചെങ്കിലും ഗൂഗിൾ മാപ്പ് പല വഴികളിലൂടെ ചുറ്റിച്ചതോടെ യാത്ര ദുഷ്കരമായി. ഏകദേശം ഒരു മണിക്കൂറോളം വഴിതേടി അലഞ്ഞതോടെ അന്ന് രാത്രി കാരയ്ക്കുടിയിയിലെ താമസസ്ഥലത്തേക്ക് തന്നെ മടങ്ങാമെന്ന് മമ്മൂട്ടി തീരുമാനിച്ചു.
ഡ്രൈവർ വാഹനം തിരിച്ചെങ്കിലും വഴിയിൽ സഹായിക്കാൻ മറ്റ് യാത്രക്കാരെയോ വാഹനങ്ങളെയോ കണ്ടെത്താനായില്ല. ഒടുവിൽ പട്ടമംഗലം എന്ന സ്ഥലത്തെ പെട്രോൾ പമ്പിൽ എത്തിയ സംഘം അവിടെ ഉറങ്ങുകയായിരുന്ന യുവാവിനോട് വഴി ചോദിച്ചു. യുവാവ് ചില വഴികൾ പറഞ്ഞെങ്കിലും അതിൽ പലതും സംഘം നേരത്തെ സഞ്ചരിച്ചവയായിരുന്നു.
ഇതിനിടെയാണ് അൽപ്പം അകലെയായി ഉറങ്ങുകയായിരുന്ന മറ്റൊരു യുവാവ് എത്തിയത്. കാറിനുള്ളിലേക്ക് സൂക്ഷിച്ചുനോക്കിയ ഇയാൾ മമ്മൂട്ടിയെ തിരിച്ചറിയുകയായിരുന്നു. “നീങ്ക മലയാളികളാ?” എന്ന് ചോദിച്ച ശേഷം മമ്മൂട്ടിയെ തിരിച്ചറിഞ്ഞ യുവാവ് ആവേശത്തോടെ “നീങ്ക മമ്മൂട്ടി സാറാ! എന്നെ ഫോളോ സെയ്ൻ” എന്ന് പറഞ്ഞ് മുന്നോട്ട് പോയി.
തുടർന്ന് ബൈക്കിൽ ഏകദേശം 10 കിലോമീറ്ററോളം സഞ്ചരിച്ച് പാണ്ഡ്യൻ മമ്മൂട്ടിയുടെയും സംഘത്തിന്റെയും വാഹനത്തിന് വഴികാട്ടി. ഗൂഗിൾ മാപ്പിന് പോലും കണ്ടെത്താനാകാത്ത പ്രാദേശിക വഴികളിലൂടെയാണ് പാണ്ഡ്യൻ സംഘത്തെ സുരക്ഷിതമായി കേരളത്തിലേക്കുള്ള പ്രധാന പാതയിലേക്ക് എത്തിച്ചത്.
“അപ്പടിയെ സ്ട്രൈറ്റ് കേരള” എന്ന് കൈചൂണ്ടി വഴി കാണിച്ച പാണ്ഡ്യനൊപ്പം മമ്മൂട്ടി ചിത്രവും എടുത്ത ശേഷമാണ് യാത്ര തുടർന്നത്. ഒരു ആരാധകന്റെ സ്നേഹവും സമയോചിതമായ ഇടപെടലും സിനിമാ സംഘത്തിന്റെ യാത്രയ്ക്ക് സഹായമായ അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
Story Summary:
Actor Mammootty and his film crew reportedly got lost in Tamil Nadu after Google Maps failed to guide them around a highway blockade. A local man named Pandian recognised Mammootty, rode ahead on his bike for nearly 10 km and guided the team through lesser-known local roads.




