
കൊച്ചി: 2026-ൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ഗവേഷണത്തിന് പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഫെലോഷിപ്പ് നൽകാൻ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. സർക്കാർ നിർദേശപ്രകാരം പുനഃസംഘടിപ്പിച്ച സിൻഡിക്കേറ്റിന്റെ ആദ്യ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
ഇതോടൊപ്പം ഗവേഷകർക്കുള്ള ഫെലോഷിപ്പ് തുകയും സർവകലാശാല വർധിപ്പിച്ചിട്ടുണ്ട്. ജൂനിയർ റിസർച്ച് ഫെലോമാരുടെ (ജെ.ആർ.എഫ്) പ്രതിമാസ ഫെലോഷിപ്പ് 20,000 രൂപയിൽ നിന്ന് 22,000 രൂപയായും, സീനിയർ റിസർച്ച് ഫെലോമാരുടെ (എസ്.ആർ.എഫ്) ഫെലോഷിപ്പ് 22,000 രൂപയിൽ നിന്ന് 24,000 രൂപയുമായാണ് ഉയർത്തിയത്.
Also Read:281 പേർക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ! പട്ടിക പുറത്തുവിട്ടത് പാതിരാത്രി
സർവകലാശാലയുടെ തുടർവികസനത്തിനായി അക്കാദമിക, അടിസ്ഥാനസൗകര്യം, ബൗദ്ധിക വികസനസാധ്യതകൾ ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു വികസന നയരേഖ തയ്യാറാക്കാനും യോഗം തീരുമാനിച്ചു. ഭാവിയിലെ വികസനപ്രവർത്തനങ്ങൾ ഈ നയരേഖയുടെ അടിസ്ഥാനത്തിലായിരിക്കും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. ഇതിനുപുറമെ, സർവകലാശാലയുടെ സാമ്പത്തികവും അക്കാദമികവുമായ നിലവിലെ സ്ഥിതി വിലയിരുത്തിക്കൊണ്ട് സമഗ്രമായ ഒരു ധവളപത്രവും പുറത്തിറക്കുമെന്ന് സിൻഡിക്കേറ്റ് വ്യക്തമാക്കി. സർവകലാശാലയുടെ സിൻഡിക്കേറ്റ് ഉപസമിതികളും യോഗത്തിൽ പുനഃസംഘടിപ്പിച്ചു.
The post കുസാറ്റ് ഗവേഷകർക്ക് സന്തോഷവാർത്ത! 2026-ലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഫെലോഷിപ്പ്; തുകയും വർധിപ്പിച്ചു appeared first on Express Kerala.




