സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഓഗസ്റ്റ് 18 വരെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഓഗസ്റ്റ് 18 വരെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ഇതിനുപുറമെ, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ഇന്ന് രാവിലെ 11.30 വരെ 1.3 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Also Read:ശബരിമല നട നാളെ തുറക്കും; ചിങ്ങമാസ പൂജകൾക്കും ഓണ പൂജകൾക്കുമായുള്ള ഒരുക്കങ്ങൾ പൂർത്തിയായി

കടലാക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കേണ്ടതാണ്. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഈ സമയത്ത് പൂർണ്ണമായും ഒഴിവാക്കണം. തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും അപകടകരമാണ്.

മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കേണ്ടതും, വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിച്ചുകൊണ്ട് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കേണ്ടതുമാണ്. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും, ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും, തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ തീരദേശവാസികൾ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അഭ്യർത്ഥിച്ചിട്ടുണ്ട്.

The post സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഓഗസ്റ്റ് 18 വരെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത appeared first on Express Kerala.

See also  ഉബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപ്പെട്ടു; പ്രതിക്കായി തിരച്ചിൽ
Spread the love
Scroll to Top