ഉബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപ്പെട്ടു; പ്രതിക്കായി തിരച്ചിൽ

ഉബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപ്പെട്ടു; പ്രതിക്കായി തിരച്ചിൽ

തിരുവനന്തപുരം: നഗരത്തിൽ സിനിമാ സ്റ്റൈൽ വാഹനം കവർച്ച. ഓട്ടം വിളിച്ച ഉബർ കാർ തട്ടിയെടുത്ത് കാപ്പ കേസ് പ്രതി രക്ഷപ്പെട്ടു. കഠിനംകുളത്താണ് സംഭവം. പുതുക്കുറിച്ചി സ്വദേശിയായ സുഹൈൽ കനിയാണ് (32) യാത്രക്കാരന്റെ വേഷത്തിലെത്തി കാറുമായി കടന്നുകളഞ്ഞത്. ഓഗസ്റ്റ് 19-ന് വെളുപ്പിന് അഞ്ചുമണിയോടെയായിരുന്നു സംഭവം.

പെരുമാതുറ ജംഗ്ഷനിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ വരാനുണ്ടെന്ന് പറഞ്ഞ് ഇയാൾ ഡ്രൈവറെ കളിപ്പിക്കുകയായിരുന്നു. തുടർന്ന് ചായ കുടിക്കാൻ വേണ്ടി ഡ്രൈവർ തൊട്ടടുത്ത കടയിലേക്ക് ഇറങ്ങിയ തക്കം നോക്കി കാറുമായി പ്രതി കടന്നുകളയുകയായിരുന്നു. ഉടൻതന്നെ ഡ്രൈവർ കഠിനംകുളം പോലീസിൽ വിവരമറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ വർക്കല ഭാഗത്തേക്കാണ് കാർ കൊണ്ടുപോയതെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ചെറിയതുറയിൽ നിന്നും കാർ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Also Read: കുടുംബ വൈരാഗ്യം; പേരക്കുട്ടിയേ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ മുത്തശ്ശനെ വെറുതേ വിട്ടു!

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുഹൈൽ കനി. കാപ്പ ചുമത്തി നാടുകടത്തപ്പെട്ട ഇയാൾ അടുത്തിടെയാണ് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ഇതിനിടയിൽ, കഴിഞ്ഞ രാത്രി മാത്രം മൂന്നുപേരെ ഇയാൾ ബ്ലേഡ് കൊണ്ട് ആക്രമിക്കുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ പുതുക്കുറിച്ചി സ്വദേശി ഷറഫുദ്ദീൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി പ്രതിയെ തിരയുന്നതിനിടയിലാണ് ഇയാൾ പുലർച്ചെ കാറുമായി മുങ്ങിയത്. പ്രതിക്കായി തിരുവനന്തപുരം റൂറൽ പോലീസ് വ്യാപകമായ തിരച്ചിൽ തുടരുകയാണ്.

The post ഉബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപ്പെട്ടു; പ്രതിക്കായി തിരച്ചിൽ appeared first on Express Kerala.

See also  ഇനി കേരളയല്ല, കേരളം; പേരുമാറ്റ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം | Kerala name change
Spread the love
Scroll to Top