
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഓണം പ്രമാണിച്ച് 4,500 രൂപ ബോണസ് അനുവദിച്ച് ഉത്തരവായി. 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 3,000 രൂപ പ്രത്യേക ഉത്സവബത്തയായി ലഭിക്കും. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ചവർക്കും 1,250 രൂപയാണ് ഉത്സവബത്ത.(Kerala Government Announces Onam Bonus Special Allowance Advance For Employees Pensioners)
തുകയുടെ വിതരണം ഓഗസ്റ്റ് 17 മുതൽ ആരംഭിക്കും. ബോണസിനും ഉത്സവബത്തയ്ക്കും പുറമെ ഓണം അഡ്വാൻസായി 20,000 രൂപ അനുവദിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാർ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നിവരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് 20,000 രൂപ അഡ്വാൻസ് ലഭിക്കും. ഇത് ഒക്ടോബർ മാസത്തെ ശമ്പളം മുതൽ 5 തുല്യ ഗഡുക്കളായി തിരിച്ചടയ്ക്കേണ്ടതാണ്.
അതേസമയം പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാർ, ദിവസവേതനക്കാർ, അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ, കുടുംബസൂത്രണ വോളന്റിയർമാർ ഉൾപ്പെടെയുള്ള ഇതര ജീവനക്കാർക്ക് 6,000 രൂപയാണ് ഓണം അഡ്വാൻസായി അനുവദിച്ചിരിക്കുന്നത്. 11-ാം ശമ്പള പരിഷ്‌കരണ സ്‌കെയിലിൽ 49,275 രൂപ വരെയോ, 10-ാം ശമ്പള പരിഷ്‌കരണ സ്‌കെയിലിൽ 44,462 രൂപ വരെയോ 31-03-2026-ൽ ആകെ ശമ്പളമുണ്ടായിരുന്ന ജീവനക്കാർക്കാണ് 4,500 രൂപ ബോണസ് ലഭിക്കുക. ഈ ശമ്പള പരിധിയിൽ വരുന്ന ജീവനക്കാർക്ക് ഒരു മാസത്തെ വേതനം അല്ലെങ്കിൽ 4,500 രൂപ ബോണസായി ലഭിക്കും.
ബോണസ് പരിധിയിൽ വരാത്ത യോഗ്യരായ ജീവനക്കാർക്ക് 3,000 രൂപ പ്രത്യേക ഉത്സവബത്ത ലഭിക്കുമ്പോൾ സർവീസ് പെൻഷൻകാർക്ക് 1,250 രൂപ ലഭിക്കും. ഇതിനുപുറമെ, ഏക അധ്യാപക വിദ്യാലയങ്ങളിലെയും പെരിപതെറ്റിക് വിദ്യാലയങ്ങളിലെയും അധ്യാപകർ, ആയമാർ, സ്കൂളുകളിലെ ഉച്ചഭക്ഷണ തൊഴിലാളികൾ എന്നിവർക്ക് 1,550 രൂപയാണ് ഉത്സവബത്ത അനുവദിച്ചിട്ടുള്ളത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിതരായ ദിവസവേതനക്കാർക്ക് 1,460 രൂപയും ബാലവാടി, അങ്കണവാടി ഹെൽപ്പർമാർ, ആയമാർ, പാലിയേറ്റീവ് കെയർ നഴ്സുമാർ എന്നിവർക്ക് 1,450 രൂപയും ഉത്സവബത്തയായി ലഭിക്കും.
Story Summary
The Kerala government has announced an Onam bonus of Rs 4,500 for state government employees and teachers, along with a special festival allowance of Rs 3,000 for those ineligible for the bonus. Pensioners will receive an allowance of Rs 1,250, while various other categories like mid-day meal workers and ASHA workers receive tailored allowances, with disbursements starting August 17.




