
ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും കരകൗശല വൈഭവവും പ്രകടിപ്പിച്ച് പ്രത്യേക ഗൂഗിൾ ഡൂഡിൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പരമ്പരാഗത നെയ്ത്തുരീതികളെയും തദ്ദേശീയ തുണിത്തരങ്ങളെയും ഡിജിറ്റൽ പാച്ച് വർക്ക് ശൈലിയിൽ സമന്വയിപ്പിച്ചുകൊണ്ടാണ് ഗൂഗിൾ ഈ വർഷത്തെ സ്വാതന്ത്ര്യദിനം ആഘോഷമാക്കിയത്. ജമ്മു കശ്മീരിലെ പശ്മിന മുതൽ കേരളത്തിന്റെ സ്വന്തം കസവു വരെ നീളുന്ന വിവിധ സംസ്ഥാനങ്ങളുടെ വസ്ത്രവൈവിധ്യം ഈ ഡിജിറ്റൽ ചിത്രീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Also Read: ഒരു കോടി യുവജനങ്ങൾക്കായി എഐ പരിശീലനം; സ്റ്റാർട്ടപ്പുകൾക്ക് ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി!
പ്രശസ്ത ഗ്രാഫിക് ഡിസൈനറായ നമ്രത കുമാറാണ് ഈ മനോഹരമായ കലാസൃഷ്ടിക്ക് പിന്നിൽ. ജംദാനി, ഇക്കാട്ട്, അജ്റഖ് ബ്ലോക്ക് പ്രിന്റിങ്, ബനാറസി സിൽക്ക്, പൈഠാനി, കാന്ത എംബ്രോയ്ഡറി തുടങ്ങി രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള പ്രശസ്തമായ 22-ഓളം തദ്ദേശീയ നെയ്ത്തുരീതികളാണ് ഈ ഡൂഡിലിൽ ദൃശ്യമാകുന്നത്. ഇന്ത്യയിലെ പരമ്പരാഗത നെയ്ത്തുകാർ, ഡൈ ചെയ്യുന്നവർ, കരകൗശല വിദഗ്ധർ എന്നിവരുടെ കഠ്ധ്വാനത്തിനും സർഗാത്മകതയ്ക്കുമുള്ള ആദരവുകൂടിയാണ് ഈ കലാസൃഷ്ടിയെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യം എൺപതാം സ്വാതന്ത്ര്യത്തിന്റെ നിറവിൽ നിൽക്കുമ്പോൾ, ഇന്ത്യയുടെ സാംസ്കാരിക ഐക്യവും തനതായ പാരമ്പര്യവും ലോകത്തിന് മുന്നിൽ വീണ്ടും അടയാളപ്പെടുത്തുകയാണ് ഗൂഗിൾ ഡൂഡിൽ. മുൻവർഷങ്ങളിലും സവിശേഷമായ ആശയങ്ങളിലൂടെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കുചേർന്നിട്ടുള്ള ഗൂഗിൾ, ഇത്തവണ ഇന്ത്യയുടെ തനതായ കരകൗശല പൈതൃകത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് ദേശീയ ദിനത്തോടുള്ള ആദരം പ്രകടിപ്പിച്ചിരിക്കുന്നത്.
The post ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷമാക്കി ഗൂഗിൾ; പാരമ്പര്യ വസ്ത്ര വൈവിധ്യം വിളിച്ചോതി ആകർഷകമായ ഡൂഡിൽ! appeared first on Express Kerala.




