ഹൈദരാബാദ്: തെലങ്കാനയിലെ നർസിംഗിയിൽ ഡെലിവറിയെച്ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് ബ്ലിങ്കിറ്റ് ജീവനക്കാരൻ സഹപ്രവർത്തകന്റെ ക്രൂരമർദനമേറ്റ് കൊല്ലപ്പെട്ടു. ഇരുപത്തെട്ടുകാരനായ മുഹമ്മദ് അബ്ദുൽ സമദാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹപ്രവർത്തകനായ മുഹമ്മദ് തുരാബുദ്ദീനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഓഗസ്റ്റ് 14-ന് രാത്രി ഒമ്പതുമണിയോടെയാണ് സംഭവം അരങ്ങേറുന്നത്. ഓർഡർ ഡെലിവറി ചെയ്തതുമായി ബന്ധപ്പെട്ട് സമദും തുരാബുദ്ദീനും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ തുരാബുദ്ദീൻ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് സമദിന്റെ തലയിലും മുഖത്തും ക്രൂരമായി അടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സമദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമദിന്റെ പിതാവ് മുഹമ്മദ് ഷാക്കിർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നർസിംഗി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് ജീവനക്കാരുടെയും ദൃക്സാക്ഷികളുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിവരികയാണ്. നഗരത്തിൽ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുന്ന ഈ സംഭവത്തിന്റെ നടുക്കം മാറാതെ സഹപ്രവർത്തകരും ബന്ധുക്കളും.
The post ഡെലിവറിയെച്ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ; സഹപ്രവർത്തകന്റെ കുത്തേറ്റ് മരിച്ചു appeared first on Express Kerala.




