
ബെംഗളൂരു: പാകിസ്താൻ താലിബാൻ ഭീകരസംഘടനയിലെ അംഗവുമായി ചേർന്ന് പ്രതികാര ആക്രമണങ്ങൾക്ക് ഗൂഢാലോചന നടത്തിയെന്ന സംശയത്തിൽ 25-കാരനെ ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു. പശ്ചിമ ബംഗാൾ നോർത്ത് 24 പർഗാനാസ് സ്വദേശിയായ ആസഫൂൾ മല്ലിക് എന്ന യുവാവിനെയാണ് ബെംഗളൂരുവിലെ ജിഗണിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.(Bengaluru Police Detain Bengal Native For Alleged Links With TTP Terror Outfit)
സോഷ്യൽ മീഡിയ വഴിയുള്ള ദുരൂഹമായ പ്രവർത്തനങ്ങളും ഭീകരസംഘടനകളുമായുള്ള ബന്ധവും നിരീക്ഷിച്ച ശേഷമാണ് പോലീസിന്റെ നടപടി. ജിഗണി ഇൻഡസ്ട്രിയൽ ഏരിയയിൽ സുരക്ഷാ ജീവനക്കാരനായി 2025 ഡിസംബർ മുതൽ ജോലി ചെയ്തുവരികയായിരുന്നു ആസഫൂൾ മല്ലിക്. ബോമ്മസന്ദ്ര ഇൻഡസ്ട്രിയൽ ഏരിയയിൽ പോലീസ് പട്രോളിംഗിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടി ചോദ്യം ചെയ്തത്.
പോലീസ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. തെഹ്രീകെ താലിബാൻ പാകിസ്താനുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന അഫ്ഗാനിസ്ഥാൻ സ്വദേശിയായ ഇമ്രാൻ ഹൈദർ എന്ന വ്യക്തിയുമായി ആസഫൂൾ മല്ലിക് ഫേസ്ബുക്ക് വഴി സ്ഥിരമായി ബന്ധപ്പെട്ടിരുന്നു. താലിബാനിൽ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് പോകാൻ ഇയാൾ ശ്രമിക്കുകയും വിസയ്ക്ക് അപേക്ഷ നൽകുകയും ചെയ്തിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം പിന്നീട് യാത്ര മാറ്റിവെക്കുകയായിരുന്നു.
ആസഫൂൾ മല്ലിക്കിന്റെ മൊബൈൽ ഫോൺ പരിശോധിച്ച പോലീസിന് ഇമ്രാൻ ഹൈദറുമായി നടത്തിയ ഓഡിയോ സന്ദേശങ്ങളും ചാറ്റുകളും വോയ്സ് കോളുകളുടെ വിവരങ്ങളും ലഭിച്ചു. പാകിസ്താനിലെ മസ്ജിദുകൾക്കും സാധാരണക്കാർക്കും നേരെ പാക് സൈന്യം നടത്തുന്ന നടപടികളിൽ പ്രതിഷേധിച്ചാണ് താൻ താലിബാനുമായി ബന്ധപ്പെട്ടതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് പറയുന്നു. മല്ലിക്കിന്റെ ഫോണിൽ നിന്ന് ലഭിച്ച ചാറ്റുകളും വോയ്‌സ് റെക്കോർഡിംഗുകളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി വരികയാണ്.
Story Summary
Bengaluru Police have detained a 25-year-old West Bengal native, Asafool Mallik, for alleged links with a Tehreek-e-Taliban Pakistan (TTP) operative. Mallik, who worked as a security guard at an industrial unit in Jigani, was reportedly in contact with an Afghan-based TTP member over Facebook and had planned to travel to Afghanistan.




