
ദുബായിലെ ബർ ദുബായ് സൂഖ് അൽ സീഫിൽ കഴിഞ്ഞ എട്ടു വർഷമായി പ്രവർത്തിച്ചിരുന്ന ചരിത്രപ്രസിദ്ധമായ ‘മ്യൂസിയം ഓഫ് ഇല്യൂഷൻസ്’ ഔദ്യോഗികമായി പൂട്ടിയതായി അധികൃതർ അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് മ്യൂസിയം മാനേജ്മെന്റ് ഈ വിഷമകരമായ വാർത്ത പങ്കുവെച്ചത്. സൂഖ് അൽ സീഫിലെ തങ്ങളുടെ അധ്യായം ഇവിടെ അവസാനിക്കുകയാണെന്നും ഇത്രയും കാലം പിന്തുണച്ച എല്ലാ സന്ദർശകർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും അവർ കുറിപ്പിൽ വ്യക്തമാക്കി. എങ്കിലും മ്യൂസിയം പെട്ടെന്ന് അടച്ചുപൂട്ടാനുള്ള കൃത്യമായ കാരണം അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
2018 സെപ്റ്റംബർ 12-നാണ് ക്രോയേഷ്യയിലെ സാഗ്രെബിൽ ആസ്ഥാനമായുള്ള അന്താരാഷ്ട്ര ‘മ്യൂസിയം ഓഫ് ഇല്യൂഷൻസ്’ ഫ്രാഞ്ചൈസിയുടെ ഭാഗമായി ഈ വിസ്മയലോകം ദുബായിൽ പ്രവർത്തനമാരംഭിച്ചത്. കാഴ്ചക്കാരെ ഭ്രമിപ്പിക്കുന്ന 60-ലധികം ശാസ്ത്രീയ പ്രദർശനങ്ങൾ, ഹൊലോഗ്രാമുകൾ, സ്റ്റീരിയോഗ്രാമുകൾ, ഒപ്റ്റിക്കൽ ഇല്യൂഷനുകൾ, പ്രത്യേക മുറികൾ എന്നിവ ഇവിടെ ഒരുക്കിയിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വിജ്ഞാനവും വിനോദവും പകർന്ന ഈ കേന്ദ്രം ചുരുങ്ങിയ കാലംകൊണ്ട് ദുബായിലെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി മാറി.
Also Read: സൗദിയിൽ കാലാവസ്ഥാ വ്യതിയാനം അതിതീവ്രം; ചിലയിടങ്ങളിൽ 49 ഡിഗ്രി വരെ ചൂട്, മറ്റു ചില മേഖലകളിൽ കനത്ത മഴയ്ക്കും മിന്നൽപ്രളയത്തിനും മുന്നറിയിപ്പ്
മ്യൂസിയം പൂട്ടി എന്ന വാർത്ത പുറത്തുവന്നതോടെ നിരവധി പ്രവാസികളും വിനോദസഞ്ചാരികളുമാണ് സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ നിരാശയും വിഷമവും പങ്കുവെച്ചത്. ദുബായിലെ സാധാരണ വിനോദക്കാഴ്ചകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ അനുഭവമാണ് ഇവിടെ ലഭിച്ചിരുന്നതെന്നും, ഭാവിയിൽ മറ്റൊരു വേദിയിൽ മ്യൂസിയം വീണ്ടും തുറക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.
The post ദുബായിലെ പ്രശസ്തമായ ‘മ്യൂസിയം ഓഫ് ഇല്യൂഷൻസ്’ പ്രവർത്തനം അവസാനിപ്പിച്ചു appeared first on Express Kerala.




