
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘ദിമാഗി നക്സൽ’ എന്ന പരാമർശത്തിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ, വിഷയത്തിൽ വിശദീകരണവുമായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. പ്രധാനമന്ത്രിയുടെ പ്രസംഗം പ്രതിപക്ഷ നേതാക്കളെ ഉദ്ദേശിച്ചല്ലെന്ന് വ്യക്തമാക്കിയ റിജിജു, ആരെയാണ് ‘ദിമാഗി നക്സലുകൾ’ എന്ന് വിളിക്കേണ്ടതെന്നതിന് നാല് പ്രധാന മാനദണ്ഡങ്ങളും പങ്കുവെച്ചു.(Kiren Rijiju Clarifies PM Modi Dimagi Naxal Remark Amid Opposition Criticism)
ഓഗസ്റ്റ് 15-ന് ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ വിവാദപരമായ പരാമർശം. കാടുകളിൽ ആയുധമേന്തിയ നക്സലുകളെ സുരക്ഷാസേന വധിക്കുകയോ അടിച്ചമർത്തുകയോ ചെയ്തിട്ടുണ്ടെങ്കിലും, രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇനിയും ‘ദിമാഗി നക്സലുകൾ’ അവശേഷിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇത്തരക്കാരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും എങ്കിൽ മാത്രമേ രാജ്യത്തെ യുവാക്കളെ വികസിത ഭാരതത്തിലേക്ക് നയിക്കാനാകൂ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഈ പരാമർശം പ്രതിപക്ഷത്തെ ലക്ഷ്യമിട്ടാണെന്നാരോപിച്ച് കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ രംഗത്തെത്തിയതോടെയാണ് കിരൺ റിജിജു എക്സ് പ്ലാറ്റ്ഫോമിലൂടെ വിശദീകരണം നൽകിയത്.
പ്രധാനമന്ത്രി പ്രതിപക്ഷത്തെക്കുറിച്ചല്ല സംസാരിച്ചതെന്ന് വ്യക്തമാക്കിയ റിജിജു, രാജ്യവിരുദ്ധ ചിന്താഗതിയുള്ളവരെയാണ് ഈ ഗണത്തിൽ പെടുത്തിയതെന്നും ചൂണ്ടിക്കാട്ടി. മാവോയിസ്റ്റുകളെ പിന്തുണയ്ക്കുകയും ഇന്ത്യൻ ഭരണഘടനയെ തള്ളിക്കളയുകയും ചെയ്യുന്നവർ. വിഘടനവാദികളെ പിന്തുണയ്ക്കുകയും ആർട്ടിക്കിൾ 370-നെ അനുകൂലിക്കുകയും ചെയ്യുന്നവർ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് വേർപെടുത്താൻ ‘ചിക്കൻസ് നെക്ക്’ ഇടനാഴി മുറിച്ചുമാറ്റണമെന്ന് വാദിക്കുന്നവർ എന്നിവരെയാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.
അതേസമയം, പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ രൂക്ഷമായ മറുപടിയാണ് കോൺഗ്രസ് നേതാക്കൾ നൽകിയത്. താൻ ഒരു ‘ദിമാഗി നക്സൽ’ ആയതിൽ അഭിമാനിക്കുന്നുവെന്നാണ് മുതിർന്ന നേതാവ് പി. ചിദംബരം എക്സിൽ കുറിച്ചത്. മുൻപ് ‘അർബൻ നക്സൽ’ എന്ന പദം ഉപയോഗിച്ച പോലെ, വിമർശകരെ അടിച്ചമർത്താനും അധിക്ഷേപിക്കാനും സർക്കാരുണ്ടാക്കിയ പുതിയ പദപ്രയോഗമാണിതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശും ആരോപിച്ചു.
Story Summary
Following backlash from Opposition parties over Prime Minister Narendra Modi’s ‘Dimagi Naxal’ remarks during his Independence Day speech, Union Minister Kiren Rijiju clarified that the term was not aimed at Opposition leaders. Rijiju shared specific criteria defining who falls under this category.




