
പട്ന: ബിഹാറിലെ ലഖിസരായ് ജില്ലയിലുള്ള പ്രശസ്തമായ അശോക് ധാം ക്ഷേത്രത്തിൽ തിങ്കളാഴ്ച രാവിലെയുണ്ടായ അതിഭീകരമായ തിക്കിലും തിരക്കിലും പെട്ട് ഏഴ് ഭക്തർ മരിച്ചു. പതിനഞ്ചിലധികം പേർക്ക് പരിക്കേറ്റു. ശ്രാവണ മാസത്തിലെ മൂന്നാം തിങ്കളാഴ്ചയായതിനാൽ ശിവക്ഷേത്രത്തിൽ പുലർച്ചെ മുതൽ വൻ ഭക്തജനത്തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്.(Ashok Dham Temple Stampede, 7 Killed In Stampede At Ashok Dham Temple In Bihar)
രാവിലെ 6:45 ഓടെയാണ് ദാരുണമായ സംഭവം നടക്കുന്നത്. ക്ഷേത്രവളപ്പിലൂടെ കടന്നുപോയ വൈദ്യുത ലൈൻ തകർന്നുവീണതിനെ തുടർന്നുള്ള വൈദ്യുതാഘാത ഭീതിയാണ് വൻ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. മരിച്ച ഏഴു പേരിൽ നാല് പേരെ തിരിച്ചറിഞ്ഞു – ഹേംലതാ ദേവി, ലളിതാ ദേവി, റിങ്കു ദേവി, മന്മലാ ദേവി. ബാക്കി മൂന്നു പേരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പരിക്കേറ്റ നിരവധി ഭക്തരെ ഉടനടി ലഖിസരായ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
അപ്രതീക്ഷിതമായി വൈദ്യുത കമ്പി പൊട്ടി വീണെന്ന വാർത്ത പരന്നതോടെ ജനങ്ങൾ പരിഭ്രാന്തരായി ചിതറിയോടുകയായിരുന്നു. അതിനിടെ ക്ഷേത്ര കവാടത്തിലെ ബാംബൂ ബാരിക്കേഡുകൾ തകർന്ന് ആളുകൾ പരസ്പരം മുകളിലേക്ക് വീണതാണ് മരണസംഖ്യ ഉയർത്തിയത്. വൈദ്യുതി വകുപ്പിന്റെ അനാസ്ഥയും വൈദ്യുതാഘാതത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളുമാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ആരോപിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടമാണ് എത്തിയതെന്നും, തിരക്കിന്റെ സമ്മർദ്ദം താങ്ങാനാവാതെ ബാരിക്കേഡ് തകർന്നതാണ് ആളുകൾ വീഴാൻ ഇടയാക്കിയതെന്നും ലഖിസരായ് ജില്ലാ മജിസ്ട്രേറ്റ് ശൈലേന്ദ്ര കുമാർ പറഞ്ഞു. സംഭവസ്ഥലത്ത് മതിയായ സുരക്ഷയോ ക്രമസമാധാന പാലനമോ ഉണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷികൾ ആരോപിക്കുന്നു. മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയും മുൻ മുഖ്യമന്ത്രി നിതീഷ് കുമാറും ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകിയതായും നിതീഷ് കുമാർ അറിയിച്ചു.
Story Summary
At least seven devotees were killed and over a dozen injured in a tragic stampede at the Ashok Dham Temple in Bihar’s Lakhisarai district on Monday morning. The surge was triggered by panic over an electric wire snapping during the holy Shravan month prayers.




