
ടെലികോം വിപണിയിൽ വീണ്ടും വിപ്ലവകരമായ മാറ്റങ്ങളുമായി റിലയൻസ് ജിയോ. ഉപഭോക്താക്കൾക്കായി ജിയോ പ്രൈം അംഗത്വ പദ്ധതി കമ്പനി പുനരവതരിപ്പിച്ചു. ഭാവിയിൽ താരിഫ് നിരക്കുകൾ വർധിച്ചാലും നിലവിലെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ നിരക്ക് അടുത്ത ഒരു വർഷത്തേക്ക് മാറ്റമില്ലാതെ ഉറപ്പാക്കാം എന്നതാണ് ഈ പ്ലാനിന്റെ പ്രധാന ആകർഷണം. വരാനിരിക്കുന്ന വിലവർദ്ധനവിൽ നിന്ന് ആശ്വാസം നൽകുന്ന ഈ പദ്ധതി വഴി 2027 സെപ്റ്റംബർ 5 വരെ പഴയ നിരക്കിൽ തന്നെ റീചാർജ് ചെയ്യാനും ബിൽ അടയ്ക്കാനും പ്രൈം അംഗങ്ങൾക്ക് സാധിക്കും.
ഒറ്റത്തവണയായി 300 രൂപ നൽകിയാണ് ജിയോ പ്രൈം അംഗത്വം സ്വന്തമാക്കേണ്ടത്. നിലവിലുള്ള പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് പുറമെ മറ്റ് നെറ്റ്‌വർക്കുകളിൽ നിന്ന് ജിയോയിലേക്ക് പോർട്ട് ചെയ്തു എത്തുന്നവർക്കും ഈ ഓഫർ ലഭ്യമാകും. നിരക്ക് ഉറപ്പിന് പുറമെ ആകെ 600 രൂപ മൂല്യമുള്ള വൗച്ചർ ആനുകൂല്യങ്ങളും പ്രൈം അംഗങ്ങൾക്ക് ലഭിക്കും. പുതിയ ജിയോ ഹോം, ജിയോ പിസി, അല്ലെങ്കിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പുതിയ സിം എടുക്കുമ്പോൾ ഉപയോഗിക്കാവുന്ന 300 രൂപ വീതമുള്ള രണ്ട് വൗച്ചറുകളാണ് ഇതിൽ ഉൾപ്പെടുന്നത്.
Also Read: എഐയോട് ‘കൊലപാതക പ്ലാൻ’ പങ്കുവെച്ചു; പണി കൊടുത്ത് ചാറ്റ്ജിപിടി, യുവാവ് എഫ്ബിഐ വലയിൽ!
വിലക്കുറവിനൊപ്പം മുൻഗണനാ അടിസ്ഥാനത്തിലുള്ള കസ്റ്റമർ കെയർ സേവനവും പ്രൈം അംഗങ്ങൾക്ക് ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, പുതിയ ജിയോ ഉൽപ്പന്നങ്ങളും സേവനങ്ങളും പരീക്ഷണാടിസ്ഥാനത്തിലുള്ള ഫീച്ചറുകളും മറ്റുള്ളവർക്ക് മുൻപേ ഉപയോഗിച്ചു നോക്കാനുള്ള അവസരവും പ്രൈം മെമ്പർഷിപ്പിലൂടെ ലഭിക്കും. മൈജിയോ ആപ്പ്, ഔദ്യോഗിക വെബ്‌സൈറ്റ്, ജിയോ സ്റ്റോറുകൾ എന്നിവ വഴി ഉപഭോക്താക്കൾക്ക് ഈ പദ്ധതിയിൽ അംഗമാകാവുന്നതാണ്.
The post മാസത്തിൽ 300 രൂപ നൽകിയാൽ നിരക്കുവർദ്ധന പേടിക്കണ്ട! അടിപൊളി ‘പ്രൈം’ ഓഫറുമായി ജിയോ appeared first on Express Kerala.




