
കുവൈത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ ശക്തമായ സുരക്ഷാ-ഗതാഗത പരിശോധനകളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 33,590 ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. ഗുരുതരമായ ലംഘനങ്ങൾ നടത്തിയ 26 ഡ്രൈവർമാരെ അറസ്റ്റ് ചെയ്ത അധികൃതർ 640 വാഹനങ്ങളും എട്ട് മോട്ടോർ സൈക്കിളുകളും ഇംപൗണ്ട് ഗാരേജിലേക്ക് മാറ്റി. ലൈസൻസില്ലാതെ വാഹനമോടിച്ച എട്ട് പ്രായപൂർത്തിയാകാത്തവരെ പിടികൂടി ജുവനൈൽ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. പട്രോളിങ്ങിനിടെ 144 പേർക്ക് പരിക്കേറ്റ അപകടങ്ങൾ ഉൾപ്പെടെ 764 റോഡപകടങ്ങളും 2,233 ട്രാഫിക് റിപ്പോർട്ടുകളും ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തു.
പരിശോധനയ്ക്കിടെ വിവിധ കേസുകളിൽ അന്വേഷിച്ചിരുന്ന 401 പേരെയും സുരക്ഷാ-ജുഡീഷ്യൽ അധികൃതർ തിരഞ്ഞിരുന്ന 25 വാഹനങ്ങളും പോലീസ് കണ്ടെത്തി. ഒപ്പം താമസാനുമതി കാലാവധി കഴിഞ്ഞ 50 പ്രവാസികളെയും, തിരിച്ചറിയൽ രേഖകളില്ലാത്ത 14 പേരെയും, അസ്വാഭാവിക നിലയിൽ കണ്ട 9 പേരെ ലഹരിവിരുദ്ധ വിഭാഗത്തിനും കൈമാറി. ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി പോലീസ് നടത്തിയ വെവ്വേറെ പരിശോധനകളിൽ 2,009 ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുകയും, വിവിധ കേസുകളിൽ പിടികിട്ടാനുള്ള 59 പേരെയും വിസ കാലാവധി കഴിഞ്ഞ 33 പേരെയും പിടികൂടുകയും ചെയ്തു.
Also Read: ശബ്ദകോലാഹലങ്ങൾക്ക് വിട; റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’ പദ്ധതിക്ക് തുടക്കം!
എമർജൻസി പോലീസ് പട്രോളിങ് വിഭാഗം കഴിഞ്ഞ ആഴ്ച 1,990 സുരക്ഷാ ഓപ്പറേഷനുകൾ നടത്തുകയും 1,162 കേസുകളിൽ അടിയന്തര സഹായം നൽകുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമേ ലഹരിയോ മദ്യപാനമോ ആയി ബന്ധപ്പെട്ട ഏഴ് കേസുകളും അസ്വാഭാവിക പെരുമാറ്റം സംശയിച്ച 13 കേസുകളും കണ്ടെത്തി ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിച്ചു. കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലും ഉൾനാടൻ-പ്രധാന റോഡുകളിലും ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കർശന പരിശോധനകൾ തുടർന്നും ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് അധികൃതർ വ്യക്തമാക്കി.
The post കുവൈത്തിൽ ട്രാഫിക് പരിശോധന ശക്തം; ഒരാഴ്ചയ്ക്കിടെ 33,590 നിയമലംഘനങ്ങൾ appeared first on Express Kerala.




