
വൈദ്യുതിയിൽ മാത്രം പ്രവർത്തിക്കുന്ന ‘എക്സ്1’ഇലക്ട്രിക് എയർക്രാഫ്റ്റിന്റെ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി അമേരിക്കൻ വ്യോമയാന കമ്പനിയായ ഹാർട്ട് എയ്റോസ്പേസ്. ന്യൂയോർക്കിലെ പ്രാദേശിക വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് 1,100 അടി ഉയരത്തിൽ നടത്തിയ 27 മിനിറ്റ് നീണ്ട പറക്കലിൽ വിമാനം പൂർണമായും ബാറ്ററി പവറാണ് ഉപയോഗിച്ചത്. യാത്രക്കാർ ഇല്ലാതെ ഒരു പൈലറ്റ് മാത്രം പറത്തിയ ഈ പരീക്ഷണത്തിനായി ഏകദേശം 5 ഡോളറിന്റെ (ഏകദേശം 500 രൂപ) വൈദ്യുതി മാത്രമാണ് ചെലവായത്. 106 അടി വിസ്താരമുള്ള ചിറകുകളും 76 അടി നീളവുമുള്ള ഒരു ചെറിയ കൊമേഴ്സ്യൽ വിമാനത്തിന്റെ വലിപ്പമുള്ളതാണ് എക്സ്1.
അരമണിക്കൂറോളം പറക്കാൻ 500 രൂപയുടെ വൈദ്യുതി മതിയാകുമെങ്കിലും ടിക്കറ്റ് നിരക്കുകൾ പെട്ടെന്ന് കുറയില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. പൈലറ്റിന്റെ ശമ്പളം, അറ്റകുറ്റപ്പണികൾ, എയർപോർട്ട് ഫീസ്, ഇൻഷുറൻസ്, ഫിനാൻസിങ്, ബാറ്ററിയുടെ തേയ്മാനം എന്നിവ ഉൾപ്പെടെയുള്ള മറ്റ് നിരവധി ചെലവുകൾ സർവീസിന് ആവശ്യമാണ്. എന്നിരുന്നാലും, ഇത്തരം ഇലക്ട്രിക് കൊമേഴ്സ്യൽ എയർക്രാഫ്റ്റുകൾക്ക് വ്യോമയാന സാമ്പത്തിക ശാസ്ത്രത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനും ഭാവിയിൽ മൊത്തത്തിലുള്ള യാത്രാച്ചെലവ് കുറയ്ക്കാനും കഴിയുമെന്ന് ഹാർട്ട് എയ്റോസ്പേസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ആൻഡേഴ്സ് ഫോർസ്ലാൻഡ് അഭിപ്രായപ്പെട്ടു.
Also Read: കൗമാരക്കാർക്കായി ‘ടീൻ ചാറ്റ് ജി.പി.ടി’; പഠനത്തിൽ സഹായിക്കും, വഴിതെറ്റിക്കില്ലെന്ന് ഓപ്പൺ എ.ഐ.!
2031-ഓടെ സർവീസ് ആരംഭിക്കാൻ ലക്ഷ്യമിടുന്ന 30 സീറ്റുകളുള്ള ‘ഇ.എസ്-30’ ഹൈബ്രിഡ്-ഇലക്ട്രിക് വിമാനത്തിന്റെ സാങ്കേതികവിദ്യകൾ പരിശോധിക്കാനാണ് കമ്പനി എക്സ്1 ഉപയോഗിക്കുന്നത്. പരമ്പരാഗത വിമാനങ്ങളെ അപേക്ഷിച്ച് പ്രവർത്തനച്ചെലവിൽ 40 ശതമാനത്തിലധികം കുറവുവരുത്തുന്ന ഈ പദ്ധതിയിൽ യുണൈറ്റഡ്, എയർ കാനഡ, ജെ.എസ്.എക്സ് തുടങ്ങിയ പ്രമുഖ എയർലൈനുകൾ ഇതിനകം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സാങ്കേതികവിദ്യ യാഥാർത്ഥ്യമാകുന്നതോടെ തുടക്കത്തിൽ പ്രാദേശിക റൂട്ടുകളിലായിരിക്കും ചെലവുകുറഞ്ഞ ഈ വിമാനയാത്രകൾ ആദ്യം ലഭ്യമാവുക.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)
The post അരമണിക്കൂർ പറക്കാൻ 500 രൂപയുടെ വൈദ്യുതി മാത്രം! ഇലക്ട്രിക് വിമാനവുമായി അമേരിക്കൻ കമ്പനി; വിമാനയാത്ര ഇനി എളുപ്പമാകുമോ? appeared first on Express Kerala.




