
സ്ത്രീധനമായി എരുമയെയും മോട്ടോർ സൈക്കിളും നൽകിയില്ലെന്ന നിസ്സാര കാരണത്താൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി കഷണങ്ങളാക്കി ഉപേക്ഷിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. പശ്ചിമ ചമ്പാരൻ സ്വദേശി റീനാ ദേവി കൊല്ലപ്പെട്ട കേസിൽ ഭർത്താവ് സുഭാഷ് യാദവിനാണ് ബഗഹ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. കേസിൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി ചരിത്രപരമായ വിധ പ്രസ്താവിച്ചത്.
2020 ജൂലൈ 30-നാണ് നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറുന്നത്. സ്ത്രീധനത്തെച്ചൊല്ലി ദമ്പതികൾക്കിടയിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നു. സംഭവദിവസവും എരുമയെയും മോട്ടോർ സൈക്കിളിനെയും ചൊല്ലി ഇരുവരും തമ്മിൽ കടുത്ത വാക്കേറ്റമുണ്ടാവുകയും, തുടർന്ന് സുഭാഷ് ഭാര്യ റീനാ ദേവിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം തെളിവുകൾ പൂർണ്ണമായും നശിപ്പിക്കുന്നതിനായി മൃതദേഹം മൂന്ന് കഷ്ണങ്ങളായി വെട്ടിമുറിച്ച് വെവ്വേറെ ചാക്കുകളിലാക്കി വിജനമായ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.
Also Read: പിഞ്ചുകുഞ്ഞിന് നേരെ അതിക്രമം, ഒമ്പതുകാരിയെ പീഡിപ്പിച്ചു കൊന്ന് ഓവുചാലിൽ തള്ളി; അയൽവാസി സിസിടിവിയിൽ കുടുങ്ങി
മകളെ കാണാനില്ലെന്ന് കാണിച്ച് റീനാ ദേവിയുടെ മാതാവ് മഞ്ജു ദേവി നൽകിയ പരാതിയിലാണ് ധനഹ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. വിവാഹം മുതൽ സ്ത്രീധനത്തിന്റെ പേരിൽ റീന ക്രൂരമായ പീഡനങ്ങൾക്ക് ഇരയായിരുന്നുവെന്നും ബൈക്കും എരുമയും ആവശ്യപ്പെട്ട് സുഭാഷ് നിരന്തരം വഴക്കിട്ടിരുന്നുവെന്നും മാതാവ് മൊഴി നൽകി. പോലീസിന്റെ കൃത്യമായ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് പ്രതിയുടെ പങ്ക് വെളിപ്പെട്ടതും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയതും.
ഐപിസി 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും, തെളിവ് നശിപ്പിച്ചതിന് ഐപിസി 201-ാം വകുപ്പ് പ്രകാരം ഏഴ് വർഷം തടവും 25,000 രൂപ പിഴയുമാണ് കോടതി പ്രതിക്ക് ചുമത്തിയത്. കൂടാതെ, അമ്മ കൊല്ലപ്പെടുകയും അച്ഛൻ ജയിലിലാവുകയും ചെയ്തതോടെ അനാഥരായ ദമ്പതികളുടെ രണ്ട് കുട്ടികളുടെ സംരക്ഷണത്തിനായി പ്രതിമാസം 4,000 രൂപ വീതം ഓരോ കുട്ടിക്കും സാമ്പത്തിക സഹായമായി നൽകാൻ ബീഹാർ സർക്കാരിനോട് കോടതി ഉത്തരവിട്ടിട്ടുണ്ട്.
The post എരുമയെയും ബൈക്കിനെയും ചൊല്ലി തർക്കം; ഭാര്യയെ കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ച ഭർത്താവിന് ജീവപര്യന്തം appeared first on Express Kerala.




