
ദുബായ്: യുഎഇയിൽ ചില ഭാഗങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമ്പോഴും കിഴക്കൻ, തെക്കൻ മേഖലകളിൽ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുൻദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വേനൽമഴ ലഭിച്ചതിന് പിന്നാലെയാണിത്. പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കുമെങ്കിലും ഉച്ചയ്ക്ക് ശേഷം മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഉൾപ്രദേശങ്ങളിൽ താപനില 45 മുതൽ 50 ഡിഗ്രി വരെയും, തീരദേശങ്ങളിലും ദ്വീപുകളിലും 39 മുതൽ 45 ഡിഗ്രി വരെയും, മലയോര മേഖലകളിൽ 33 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും.
ചില സമയങ്ങളിൽ മണിക്കൂറിൽ 40 കി.മീ വരെ വേഗതയുള്ള കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. തീരദേശ മേഖലകളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 35 കി.മീ വരെയാകാം. രാത്രിയിലും വ്യാഴാഴ്ച രാവിലെയുമായി തീരദേശങ്ങളിൽ ഈർപ്പം വർധിക്കാനും മൂടൽമഞ്ഞിനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും. വ്യാഴാഴ്ചയോടെ താപനിലയിൽ നേരിയ കുറവുണ്ടാകുമെങ്കിലും പടിഞ്ഞാറൻ മേഖലകളിൽ ശക്തമായ കാറ്റും പൊടിക്കാറ്റും അനുഭവപ്പെടാം.
The post യുഎഇയിൽ കനത്ത ചൂട്; താപനില 50 ഡിഗ്രിയിലേക്ക്, മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത! appeared first on Express Kerala.




