ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കണക്കിൽപ്പെടാത്ത 68,53,500 രൂപയുടെ കള്ളപ്പണവുമായി രണ്ടുപേർ പിടിയിൽ. എക്സ്-ബി.ഐ.എസ് പരിശോധനാ മേഖലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്) ഉദ്യോഗസ്ഥർക്ക് ഒരു യാത്രക്കാരന്റെ പെരുമാറ്റത്തിൽ തോന്നിയ സംശയമാണ് വൻ പണവേട്ടയിലേക്ക് നയിച്ചത്. തുടർന്ന് നടത്തിയ സി.സി.ടി.വി പരിശോധനയിലാണ് ഇയാൾക്കൊപ്പം മറ്റൊരു യാത്രക്കാരൻ കൂടിയുണ്ടെന്ന് വ്യക്തമായത്.
ഡൽഹിയിൽ നിന്ന് ഗുവാഹത്തി വഴി അഗർത്തലയിലേക്ക് പോകാൻ എത്തിയതായിരുന്നു ഇരുവരും. സംശയം തോന്നിയതിനെ തുടർന്ന് ഇരുവരുടെയും ഹാൻഡ് ബാഗേജുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് യാതൊരു രേഖകളുമില്ലാത്ത 68.53 ലക്ഷം രൂപ കണ്ടെത്തിയത്. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത രണ്ട് യാത്രക്കാരെയും പിടിച്ചെടുത്ത പണവും യാത്രാ രേഖകളും തുടരന്വേഷണത്തിനായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.
The post യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം; ഡൽഹി വിമാനത്താവളത്തിൽ അരക്കോടിയിലധികം രൂപയുടെ കള്ളപ്പണം പിടികൂടി appeared first on Express Kerala.




