
ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട പുതിയ ‘സിബി 300എഫ് ട്വിസ്റ്റർ’ വിപണിയിൽ അവതരിപ്പിച്ചു. ജനപ്രിയ സിബി 300എഫ് മോഡലിനെ അടിസ്ഥാനമാക്കി വികസിപ്പിച്ച ഈ പുത്തൻ ബൈക്ക് നിലവിൽ ലാറ്റിനമേരിക്കൻ വിപണികളിലാണ് എത്തിയിരിക്കുന്നത്. പെട്രോളിലും എത്തനോളിലും ഒരുപോലെ പ്രവർത്തിക്കുന്ന 293.5 സിസി ഓയിൽ കൂൾഡ് എൻജിനാണ് ഇതിന്റെ പ്രധാന ആകർഷണം. എത്തനോളിൽ പ്രവർത്തിക്കുമ്പോൾ 24.7 ബിഎച്ച്പി കരുത്തും 26.2 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന എൻജിനിൽ 6-സ്പീഡ് ഗിയർബോക്സാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കൂടുതൽ മസ്കുലർ രൂപത്തിലുള്ള ഫ്യുവൽ ടാങ്കും പുതുതായി രൂപകൽപ്പന ചെയ്ത ടാങ്ക് ഷ്രൗഡുകളും ബൈക്കിന് സ്പോർട്ടി ഭാവം നൽകുന്നു. വെറും 142 കിലോഗ്രാം ഭാരം മാത്രമുള്ള ഈ ബൈക്ക് നഗര യാത്രകളിൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാനാകും. യുഎസ്ഡി ഫ്രണ്ട് ഫോർക്കുകൾ, ഡ്യുവൽ ചാനൽ എബിഎസ്, എൽഇഡി ലൈറ്റിങ്, ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ, ഇഗ്നിഷൻ സെക്യൂരിറ്റി സിസ്റ്റം എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.
Also Read: ഫാസ്റ്റാഗിൽ വലിയ മാറ്റം; രാജ്യത്തെ 121 ടോൾ പ്ലാസകളിൽ ഡിജിറ്റൽ ലോക്കൽ പാസ് സൗകര്യം നിലവിൽ വന്നു!
ബ്രസീലിൽ ഏകദേശം 4.93 ലക്ഷം ഇന്ത്യൻ രൂപയ്ക്കടുത്ത് വില വരുന്ന ഈ മോഡലിന്റെ ഇന്ത്യൻ പ്രവേശനത്തെക്കുറിച്ച് കമ്പനി ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 2022-ൽ ഇന്ത്യയിലെത്തിയ മുൻ സിബി 300എഫ് പിന്നീട് വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നു. എന്നാൽ പുത്തൻ മാറ്റങ്ങളോടെയും ഫ്ലെക്സ് ഫ്യുവൽ സാങ്കേതികവിദ്യയോടെയും മോഡൽ ഇന്ത്യയിൽ വീണ്ടുമെത്തിയാൽ ഹീറോ എക്സ്ട്രീം 250ആർ, കെടിഎം 250 ഡ്യൂക്ക്, സുസുക്കി ജിക്സർ 250 തുടങ്ങിയ ബൈക്കുകൾക്ക് ശക്തമായ എതിരാളിയാകും.
The post പുതിയ രൂപവും ഫ്ലെക്സ് ഫ്യുവൽ എൻജിനും! മാസ്സ് ലുക്കിൽ ഹോണ്ട സിബി 300എഫ് ട്വിസ്റ്റർ അവതരിപ്പിച്ചു appeared first on Express Kerala.




