
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ദിവസങ്ങളിൽ റെക്കോർഡ് വിവാഹങ്ങളാണ് നടക്കാൻ പോകുന്നത്. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ആഗസ്റ്റ് 23 ന് 429 വിവാഹങ്ങളും, ആഗസ്റ്റ് 30 ന് 342 വിവാഹങ്ങളും, സെപ്റ്റംബർ 13 ന് 328 വിവാഹങ്ങളുമാണ് നടക്കുക. ഈ സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങും സുഗമമായി നടത്താൻ ഭക്തജനങ്ങളുടെ സഹായവും സഹകരണവും പ്രതീക്ഷിക്കുന്നതായി ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു. ദേവസ്വം കാര്യാലയത്തിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വിവാഹ ചടങ്ങുകൾ ഭംഗിയായി നടത്തുന്നതിനും പോലീസ് സഹകരണത്തോടെ വിപുലമായ ക്രമീകരണങ്ങൾ ദേവസ്വം ഒരുക്കിയിട്ടുണ്ട്. ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും കൂടുതൽ പൊലീസിനെ വിന്യസിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നൽകിയിട്ടുണ്ട്. മഫ്ടിയിലും പോലീസിനെ വിന്യവിക്കുകയും പോക്കറ്റടിക്കാർ, സാമൂഹ്യവിരുദ്ധർ എന്നിവരെ അമർച്ച ചെയ്യാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ വൈദ്യസഹായം ലഭ്യമാക്കാൻ മെഡിക്കൽ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
സമയം കൃത്യമായി പാലിക്കുന്നതിനായി ആഗസ്റ്റ് 23, ആഗസ്റ്റ് 30, സെപ്റ്റംബർ 13 തീയതികളിൽ പുലർച്ചെ 4 മണി മുതൽ കല്യാണങ്ങൾ ആരംഭിക്കും. താലികെട്ടിനായി 6 മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രം കോയ്മമാരെയും മണ്ഡപത്തിന് സമീപം മംഗളവാദ്യസംഘത്തെയും അധികമായി നിയോഗിക്കും. വധു-വരന്മാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്ക് മാത്രമേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കൂ. കിഴക്കേ നട പൂർണമായും വൺവേ ആക്കി മാറ്റും.
Also Read:കോഴിക്കോട് നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്കേറ്റു!
വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി മേൽപുത്തൂർ ആഡിറ്റോറിയത്തിന് തെക്ക് ഭാഗത്തെ പുതിയ നടപ്പന്തലിലെ കൗണ്ടറിൽ നിന്നും ടോക്കൺ വാങ്ങി അവിടെ വിശ്രമിക്കണം. സമയമാകുമ്പോൾ മേൽപുത്തൂർ ആഡിറ്റോറിയത്തിലും തുടർന്ന് കിഴക്കേ നടയിലെ മണ്ഡപത്തിലും പ്രവേശിക്കാം. കല്യാണം കഴിഞ്ഞാൽ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മാത്രമേ മടങ്ങി പോകാവൂ. സുഗമമായ ദർശനത്തിനായി പ്രദക്ഷിണം, അടിപ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ ഈ ദിവസങ്ങളിൽ അനുവദിക്കില്ല.
വിവാഹത്തിനും ദർശനത്തിനുമുള്ള തിരക്ക് കണക്കിലെടുത്ത് ഗുരുവായൂരിലേക്കുള്ള അനാവശ്യ യാത്രകൾ ഭക്തർ ഒഴിവാക്കണം. ക്ഷേത്രം ഇന്നർ റിംഗ്, ഔട്ടർ റിംഗ് റോഡുകളിൽ വാഹന പാർക്കിങ് തികച്ചും നിരോധിച്ചിട്ടുണ്ട്. പകരം ദേവസ്വം ശ്രീകൃഷ്ണ എച്ച്.എസ്.എസ്, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ മൈതാനങ്ങൾ എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. പ്രധാന റോഡുകളുടെ ഓരങ്ങളിൽ വാഹനങ്ങൾ കൂട്ടമായി പാർക്ക് ചെയ്ത് ഗതാടത തടസ്സം സൃഷ്ടിക്കരുതെന്നും ക്ഷേത്ര ദർശനവും ചടങ്ങുകളും സുഗമമാക്കാൻ എല്ലാവരുടെയും പിന്തുണ വേണമെന്നും ചെയർമാൻ അഭ്യർത്ഥിച്ചു.
The post പുലർച്ചെ 4 മണി മുതൽ താലികെട്ട്; ഗുരുവായൂരിൽ ദർശനത്തിനും വിവാഹങ്ങൾക്കും കനത്ത സുരക്ഷയും പുതിയ ക്രമീകരണങ്ങളും! appeared first on Express Kerala.




