
ഇന്ത്യയിൽ വീണ്ടും വാഹന വില വർധിപ്പിക്കാൻ ഒരുങ്ങി പ്രമുഖ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും വർധിച്ചുവരുന്ന ചരക്ക് ചെലവുകളും ചൂണ്ടിക്കാട്ടി 2026 സെപ്റ്റംബർ മുതൽ മുഴുവൻ മോഡൽ നിരയുടെയും വില ഒരു ശതമാനം വരെ വർധിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ പ്രതിസന്ധികളും സാമ്പത്തിക അനിശ്ചിതത്വങ്ങളും ഉൽപ്പാദനച്ചെലവിൽ വലിയ തോതിൽ സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ടെന്നും, ഈ അധികഭാരത്തിന്റെ ഒരു ഭാഗം ഉപഭോക്താക്കളിലേക്ക് കൈമാറാൻ നിർബന്ധിതരാകുകയാണെന്നുമാണ് ഹ്യുണ്ടായ് വ്യക്തമാക്കുന്നത്.
എൻട്രി ലെവൽ കാറായ ഗ്രാൻഡ് ഐ10 നിയോസ് മുതൽ പ്രീമിയം ഇലക്ട്രിക് എസ്‌യുവിയായ അയോണിക് 5 വരെയുള്ള എല്ലാ മോഡലുകൾക്കും ഈ വില വർധന ബാധകമായിരിക്കും. ഓരോ മോഡലിന്റെയും വകഭേദത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും വിലയിലെ യഥാർത്ഥ വർധനവ് കണക്കാക്കുക. ഈ വർഷം ഹ്യുണ്ടായ് കാറുകളുടെ വില വർധിപ്പിക്കുന്നത് ഇത് മൂന്നാം തവണയാണെന്നത് ശ്രദ്ധേയമാണ്. ജനുവരിയിലും തുടർന്ന് ജൂണിലും കമ്പനി വില കൂട്ടിയിരുന്നു. ജൂണിൽ മാത്രം മോഡലുകൾക്ക് 12,800 രൂപ വരെയാണ് വർധനവുണ്ടായത്.
Also Read: മഹീന്ദ്ര XEV 9S! കൂടുതൽ സൗകര്യങ്ങളോടെ 6 സീറ്റർ പതിപ്പ് വിപണിയിലേക്ക്
പശ്ചിമേഷ്യയിലെ സംഘർഷങ്ങളും വിതരണക്കാരുടെ ഫാക്ടറിയിലുണ്ടായ തീപിടിത്തവും കമ്പനിയുടെ ഉൽപ്പാദനത്തെയും കയറ്റുമതിയെയും സാരമായി ബാധിച്ചിരുന്നു. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2026-27 ആദ്യ പാദത്തിൽ ഹ്യുണ്ടായിയുടെ കയറ്റുമതിയിൽ 19.6 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കയറ്റുമതിയിലെ ഈ കുറവും ആഗോള പ്രതിസന്ധികളുമാണ് സെപ്റ്റംബറിലെ പുതിയ വില വർധനവിലേക്ക് നയിച്ച പ്രധാന കാരണങ്ങൾ.
The post ഹ്യുണ്ടായ് കാർ ഉടമകൾക്ക് തിരിച്ചടി; അടുത്ത മാസം മുതൽ വാഹന വില വീണ്ടും വർധിപ്പിക്കുന്നു? appeared first on Express Kerala.




