
മുംബൈ: ഗാർഹിക പീഡനത്തിന് കേസ് കൊടുത്തതിലുള്ള വൈരാഗ്യത്തിൽ മരുമകളെ ക്വട്ടേഷൻ സംഘത്തെക്കൊണ്ട് കൊലപ്പെടുത്തിയ കേസിൽ 65-കാരിയായ ഭർതൃമാതാവും വീട്ടുജോലിക്കാരിയും അടക്കം അഞ്ച് പേർ അറസ്റ്റിൽ. ഘാട്കോപ്പർ സ്വദേശിയായ സ്വപ്ന ഗാഞ്ചിയാണ് ഭർതൃവീട്ടുകാരുടെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർതൃമാതാവ് ധനലക്ഷ്മി ഗാഞ്ചി (65), വീട്ടുജോലിക്കാരി മംഗളാബായി സുരേഷ് ജാദവ്, ഇവരുടെ ഭർത്താവ് സുരേഷ് ഗൺപത് ജാദവ്, മക്കളായ ശിവാനി, സജൻ എന്നിവരെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഴ്ചയാണ് സ്വപ്നയെ ഘാട്കോപ്പറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അർധരാത്രിയോടെ സ്വപ്നയുടെ പിതാവിനെ ഫോണിൽ ബന്ധപ്പെട്ട ഭർതൃപിതാവ്, മകൾ ശുചിമുറിയിൽ കുഴഞ്ഞുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി അറിയിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സ്വപ്നയുടെ ശരീരത്തിലും മുഖത്തും കഴുത്തിലും മർദനമേറ്റതിന്റെ പാടുകളും തലയിൽ ആഴത്തിലുള്ള മുറിവും കണ്ടതോടെ സംശയം തോന്നിയ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
Also Read: ലഹരി മാഫിയയെ പിടിച്ചുകുലുക്കി ‘ഓപ്പറേഷൻ തൂഫാൻ’! അറസ്റ്റ് പതിനായിരം കടന്നു; കിലോക്കണക്കിന് എം.ഡി.എം.എയും കഞ്ചാവും പിടിയിൽ
മദ്യപിച്ച് വീണുണ്ടായ അപകടമരണമാണെന്ന് വരുത്തിത്തീർത്ത് തെളിവ് നശിപ്പിക്കാനായിരുന്നു പ്രതികളുടെ ശ്രമം. എന്നാൽ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലും അന്വേഷണത്തിലുമാണ് ഞെട്ടിക്കുന്ന കൊലപാതക വിവരങ്ങൾ പുറത്തുവന്നത്. 2013-ൽ വിവാഹിതയായ സ്വപ്നയെ തുടക്കത്തിലെ രണ്ട് വർഷങ്ങൾക്ക് ശേഷം ഭർത്താവും വീട്ടുകാരും ചേര്ന്ന് നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു.
ഇതേത്തുടർന്ന് 2024-ൽ സ്വപ്ന ഭർതൃവീട്ടുകാർക്കെതിരെ ഗാർഹിക പീഡനം, മർദനം, സ്ത്രീത്വത്തെ അപമാനിക്കൽ, വധഭീഷണി തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് പകവീട്ടാനായി ഭർതൃമാതാവ് വീട്ടുജോലിക്കാരിക്കും കുടുംബത്തിനും 3 ലക്ഷം രൂപ കൈമാറി കൃത്യം നടത്തിയത്.
The post ഗാർഹിക പീഡനക്കേസ് നൽകിയതിന് പക; മരുമകളെ കൊല്ലാൻ വീട്ടുജോലിക്കാരിക്ക് ക്വട്ടേഷൻ, ഭർതൃമാതാവ് ഉൾപ്പെടെ 5 പേർ അറസ്റ്റിൽ appeared first on Express Kerala.




