ആഭ്യന്തര വകുപ്പിൻ്റേത് ഇരട്ട നീതി, മന്ത്രിയുടെ സമുദായക്കാരനായ ഉന്നതന് വേണ്ടി രക്ഷാകവചം, ചെന്നിത്തലയുടെ തനിനിറം പുറത്ത്

ആഭ്യന്തര വകുപ്പിൻ്റേത് ഇരട്ട നീതി, മന്ത്രിയുടെ സമുദായക്കാരനായ ഉന്നതന് വേണ്ടി രക്ഷാകവചം, ചെന്നിത്തലയുടെ തനിനിറം പുറത്ത്

സംസ്ഥാന പൊലീസിൽ ഗുരുതരമായ അഴിമതി, കേസ് അട്ടിമറിക്കൽ, അനധികൃത സ്വത്ത് സമ്പാദനം, മണ്ണ്-മണൽ മാഫിയകളുമായുള്ള വഴിവിട്ട ബന്ധം എന്നിവയുടെ പേരിൽ സംസ്ഥാനത്തെ അൻപതോളം ഇൻസ്‌പെക്ടർമാർക്കെതിരെ (സി.ഐ) വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ സമഗ്ര അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് മംഗളം ടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ക്രമസമാധാന പരിപാലനത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ട ഉദ്യോഗസ്ഥർ തന്നെ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്നത് പൊലീസ് സേനയ്ക്ക് കടുത്ത നാണക്കേടായി മാറിയിരിക്കുകയാണ് എന്നും മംഗളം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മയക്കുമരുന്ന് കേസ് പ്രതികളുമായി ചില പൊലീസ് ഉദ്യോഗസ്ഥർ നടത്തുന്ന വഴിവിട്ട ഇടപാടുകളാണ് രഹസ്യ അന്വേഷണത്തിൽ ഏറ്റവും ഞെട്ടിക്കുന്ന വിവരമായി പുറത്തുവന്നിട്ടുള്ളതത്രെ.

പ്രത്യേകിച്ച് തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ചാണ് ഇത്തരത്തിലുള്ള ‘അഡ്ജസ്റ്റ്‌മെന്റ്’ കൂട്ടുകെട്ടുകൾ വ്യാപകമായി നടക്കുന്നത്. ലഹരി മാഫിയക്കെതിരെ പൊലീസ് നടത്തുന്ന റെയ്ഡുകളിൽ പ്രതികൾ പിടിയിലാകുമെങ്കിലും തുടർന്നങ്ങോട്ട് കേസിന്റെ സകല ഗതിയും മാറ്റിയെഴുതുന്നതാണ് ഇവരുടെ പ്രവർത്തനരീതി എന്നും മംഗളം ടിവി റിപ്പോർട്ട് ചെയ്യുന്നു.

ലഹരിക്കടത്തുകാർക്ക് സൗകര്യം ഒരുക്കിക്കൊടുക്കുന്നത് വരെ, ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡി.വൈ.എസ്.പി റാങ്കിലുള്ള രണ്ട് പേർ കുറ്റക്കാരായ പൊലീസുകാരോടു മൃദുഭാവം കാണിക്കുന്നതായും വിവരമുണ്ട്. ഇത്തരത്തിൽ 20 പൊലീസ് ഉദ്യോഗസ്ഥർ ഇൻ്റലിജൻസിൻ്റെ റഡാറിൽ പെട്ടതായും നിലവിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 20 ഓളം ഉദ്യോഗസ്ഥർ ഇന്റലിജൻസിന്റെ കർശന നിരീക്ഷണത്തിലാണ് എന്നും ഇവരുടെ ഫോൺ സംഭാഷണങ്ങൾ, സാമ്പത്തിക ഇടപാടുകൾ, ബിനാമി സ്വത്തുക്കൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത് എന്നും പുറത്ത് വന്ന മാധ്യമ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ സംരക്ഷണയിൽ കഴിയുന്ന ഇവർക്കെതിരെ ശക്തമായ തെളിവുകൾ ശേഖരിച്ചുവരികയാണത്രെ.

മറ്റൊരു കാര്യം ഈ റിപ്പോർട്ടിൽ പറയുന്നത് മയക്കുമരുന്ന് മാഫിയയുമായുള്ള ഉദ്യോഗസ്ഥരുടെ ബന്ധം തെളിയിക്കുന്ന കൃത്യമായ സൊളിഡ് തെളിവുകൾ ലഭിച്ചുകഴിഞ്ഞെന്നും ഈ സാഹചര്യത്തിൽ നിരീക്ഷണത്തിലുള്ള ഉദ്യോഗസ്ഥരെ ഉടൻ തന്നെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്യാനോ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനോ ഉള്ള അടിയന്തര നീക്കങ്ങളാണ് നടക്കുന്നത് എന്നുമാണ്.

എഫ്.ഐ.ആറുകളിൽ മാറ്റം വരുത്തുക, സാക്ഷികളെ സ്വാധീനിക്കുക, പരാതിക്കാരുടെ മൊഴികളിൽ തിരിമറി നടത്തുക തുടങ്ങിയ ക്രമക്കേടുകളാണ് കൂടുതലും സി.ഐമാർക്കെതിരെ ഉയർന്നുവന്നിട്ടുള്ളത്. പ്രതികളിൽ നിന്ന് കോഴ വാങ്ങി കേസ് ദുർബലപ്പെടുത്തുന്ന പ്രവണത സാധാരണക്കാരായ ജനങ്ങൾക്ക് നീതി നിഷേധിക്കപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുകയാണെന്നാണ് പറയുന്നത്.

IMAGE GENERATED BY AI

കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ട ഇൻസ്‌പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥർ തന്നെ, കുറ്റകൃത്യങ്ങളുടെ പങ്കാളികളാകുന്നത് വകുപ്പിൽ കടുത്ത അമർഷത്തിന് ഇടയാക്കിയിട്ടുണ്ടെന്നും മുൻകാലങ്ങളിൽ അപൂർവ്വമായി മാത്രം കണ്ടിരുന്ന ഇത്തരം വഴിവിട്ട കൂട്ടുകെട്ടുകൾ ഇന്ന് ചില കേന്ദ്രങ്ങളിൽ സാർവത്രികമായി മാറുന്നുവെന്ന വിലയിരുത്തലിലാണ് ആഭ്യന്തര വകുപ്പുള്ളതെന്ന കണ്ടെത്തലും മംഗളം നടത്തിയിട്ടുണ്ട്.

അഴിമതിക്കാരെ സേനയിൽ വച്ചുപൊറുപ്പിക്കില്ലെന്ന കർശന നിലപാടിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉള്ളതെന്നും വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കാനുമാണ് സർക്കാർ തീരുമാനമെന്നുമാണ് മംഗളം റിപ്പോർട്ട് ചെയ്യുന്നത്.

ഇത്രയും കാര്യങ്ങൾ മംഗളം റിപ്പോർട്ട് ചെയ്തത് ആവർത്തിക്കാൻ കാരണം, രമേശ് ചെന്നിത്തലയുടെയും ആഭ്യന്തര വകുപ്പിൻ്റെയും തനി നിറം തുറന്നു കാട്ടാൻ തന്നെയാണ്. ഒരു വിഭാഗം ഉദ്യോഗസ്ഥരെ മാത്രം നിയമത്തിന് മുന്നിൽ കൊണ്ടു വരികയും ക്രിമിനൽ സ്വഭാവമുള്ളവരും അഴിമതിക്കാരുമായ ഉന്നത ഉദ്യോഗസ്ഥരെ തലോടുകയും ചെയ്യുന്ന നിലപാടാണ് രമേശ് ചെന്നിത്തലയുടെ ആഭ്യന്തര വകുപ്പ് നിലവിൽ സ്വീകരിക്കുന്നത്. സ്വന്തം സമുദായത്തിൽപ്പെട്ടവൻ ഐപിഎസുകാരനായാൽ എന്ത് വൃത്തികേട് കാണിച്ചാലും വഴിവിട്ട് സഹായിക്കുന്ന നിലപാട് ആഭ്യന്തര മന്ത്രിയുടെ തനിനിറം തുറന്നു കാട്ടുന്നതു തന്നെയാണ്.

പിണറായി സർക്കാരിൻ്റെ കാലത്ത് പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുടെ വാലാട്ടിയായി നിന്ന ഐപിഎസുകാരനെ അടക്കമാണ് വഴിവിട്ട് ആഭ്യന്തര വകുപ്പ് ഇപ്പോഴും സഹായിച്ച് കൊണ്ടിരിക്കുന്നത്. ഇൻസ്പെക്ടർമാർക്കും ഡിവൈഎസ്പിമാർക്കും എതിരെ എന്ത് ചെറിയ ആരോപണമോ റിപ്പോർട്ടോ ഉണ്ടായാൽ ചെന്നിത്തലയുടെ ആഭ്യന്തര വകുപ്പ് നടപടി എടുക്കും, അവരുടെ പ്രമോഷനും തടഞ്ഞ് വയ്ക്കും. ഇത്തരത്തിൽ ഒരു കേസായിരുന്നു മുനമ്പം സിഐയുടേത്. അദ്ദേഹത്തിന് അർഹതപ്പെട്ട പ്രമോഷൻ നിഷേധിച്ചപ്പോൾ ഹൈക്കോടതി തന്നെ നേരിട്ട് ഇടപെടുന്ന സാഹചര്യമുണ്ടായി. അന്ന് ഹൈക്കോടതി ചോദിച്ചത് “കോടതി നിർദ്ദേശിച്ച വിജിലൻസ് അന്വേഷണ ആവശ്യം ആഭ്യന്തര വകുപ്പിന് മുന്നിലിരിക്കെ, ഒരു എഡിജിപിയെ വിജിലൻസ് ക്ലിയറൻസ് പോലുമില്ലാതെ പാതിരാത്രിയിൽ ഡിജിപിയാക്കിയ ധൃതി എന്താണ് മുനമ്പം സിഐയുടെ ന്യായമായ പ്രമോഷൻ കാര്യത്തിൽ കാണിക്കാതിരുന്നത് എന്നാണ്. ഇതുപോലെ നിരവധി കീഴുദ്യോഗസ്ഥരുടെ ഫയലുകളാണ് ഇപ്പോഴും ആഭ്യന്തര വകുപ്പിൽ ചുവപ്പ് നാടയിൽ കുരുങ്ങി കിടക്കുന്നത്.

See also  വാഴക്കാട് ഫാമിലി ഹെൽത്ത് സെന്ററിലെ ഒ പി താഴത്തെ നിലയിലേക്ക് മാറ്റണം; ‘പരിവാർ’ പ്രത്യക്ഷ സമരത്തിലേക്ക് | Vazhakkad Family Health Centre

അതേസമയം, ഒരിക്കൽ സസ്പെൻഷന് വിധേയനായ ഐപിഎസുകാരൻ വീണ്ടും തറവേലയും നിയമ വിരുദ്ധ പ്രവർത്തിയും ചെയ്താൽ ഇതേ ആഭ്യന്തര വകുപ്പ് കണ്ണടയ്ക്കും സഹായിക്കാൻ ഏതറ്റംവരെ പോകുകയും ചെയ്യും. നിലവിൽ ഹൈക്കോടതിയുടെ മുന്നിലുള്ള രണ്ട് വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട ഹർജിയിൽ ആഭ്യന്തര വകുപ്പ് സ്വീകരിച്ച നിലപാടിൽ നിന്നു തന്നെ ഈ വഴിവിട്ട സഹായവും വ്യക്തമാണ്.

ഈ ഉന്നത ഐപിഎസ് ഓഫീസർ ട്രാൻസ്പോർട്ട് കമ്മീഷണറായും പൊലീസ് ആസ്ഥാനത്ത് എഡിജിപി അഡ്മിനിസ്ട്രേഷൻ ആയും ചുമതലയിൽ ഇരുന്നപ്പോൾ നടത്തിയ ഇടപെടലുകളും നിയമ വിരുദ്ധ പ്രവർത്തിയും ചൂണ്ടിക്കാട്ടി മോട്ടോർ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കോടതി വിജിലൻസ് അന്വേഷണത്തിന് ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയപ്പോൾ, ഒരു ഉളുപ്പുമില്ലാതെയാണ് സ്വന്തം ബാച്ച് മേറ്റിനെ സഹായിക്കാൻ ആഭ്യന്തര സെക്രട്ടറി ഇറങ്ങി തിരിച്ചത്. അതിന് കുടപിടിച്ചത് ആഭ്യന്തര മന്ത്രിയാണ് എന്ന ആരോപണവും ഇതിനകം ഉയർന്നു കഴിഞ്ഞിട്ടുണ്ട്.

ഈ പറയുന്ന ഇടപെടൽ ചെന്നിത്തല നടത്തിയിട്ടില്ല എങ്കിൽ, ആഭ്യന്തര സെക്രട്ടറിയെ പുറത്താക്കാൻ വകുപ്പ് മന്ത്രികൂടിയായ രമേശ് ചെന്നിത്തല തയ്യാറാകുകയാണ് വേണ്ടത്. ഇന്ന് ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലത്തെ വിളിച്ചു വരുത്തി വിറപ്പിച്ച ഹൈക്കോടതി ആരോപണ വിധേയനായ ഐപിഎസ് ഉന്നതന് എതിരെ വിജിലൻസ് അന്വേഷണം ഇപ്പോൾ ആവശ്യമില്ലന്ന റിപ്പോർട്ടിനെയും ചോദ്യം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇതിനെതിരെ പുതിയ ഹർജി ഫയൽ ചെയ്യാൻ ഹർജിക്കാരന് കോടതി അനുമതിയും നൽകിയിട്ടുണ്ട്.

IMAGE GENERATED BY AI

രണ്ടാമത്തെ വിഷയം ബോഡി ബിൽഡർമാരുടെ ഇൻസ്പെക്ടർ നിയമനവുമായി ബന്ധപ്പെട്ടാണ്. ഇക്കാര്യത്തിൽ വിവാദ ഐപിഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഒരു അഭിഭാഷകൻ നൽകിയ ഹർജിയിലും ആഭ്യന്തര വകുപ്പ് ഈ ഐപിഎസുകാരന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഈ വിഷയത്തിൽ കോടതിയിൽ ആഭ്യന്തര വകുപ്പിന് വേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും കോടതിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ പതറി പോകുന്ന സാഹചര്യമാണ് ഉണ്ടായത്. ഈ കേസിലെ വിധി ഉടനെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.

താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരെ കുരുക്കി മുഖം മിനുക്കാൻ ആഭ്യന്തര വകുപ്പും മന്ത്രിയും ശ്രമിക്കുമ്പോൾ മറുവശത്ത് മുതിർന്ന ഐപിഎസുകാരനെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണകൂടം സ്വീകരിക്കുന്നത്. ഈ നെറികേടിനെയാണ് പ്രബുദ്ധ കേരളം ചോദ്യം ചെയ്യേണ്ടത്. ആഭ്യന്തര മന്ത്രിക്ക് സ്വന്തം സമുദായത്തിലെ ഐപിഎസുകാരനെ കണ്ടാൽ മുട്ടിടിക്കുന്നത് പ്രമുഖ സമുദായ നേതാവിനെ ഭയമുള്ളതു കൊണ്ടാണോ എന്ന ചോദ്യം പ്രസകതമാകുന്നതും ഇവിടെയാണ്.

പൊലീസിലെ ക്രിമിനൽ സ്വഭാവമുള്ളവരെയും അഴിമതിക്കാരെയും ‘തൂഫാനാക്കാതെ’ നിങ്ങൾ എന്ത് ‘തൂഫാൻ’ പദ്ധതി നടപ്പാക്കിയാലും, അത് കോമഡി ആയാണ് മാറുക. ജാഗ്രത..!

STAFF REPORTER

The post ആഭ്യന്തര വകുപ്പിൻ്റേത് ഇരട്ട നീതി, മന്ത്രിയുടെ സമുദായക്കാരനായ ഉന്നതന് വേണ്ടി രക്ഷാകവചം, ചെന്നിത്തലയുടെ തനിനിറം പുറത്ത് appeared first on Express Kerala.

See also  ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ് ചേർത്തു; ബീഹാറിൽ 24-ലധികം വിദ്യാർത്ഥികൾ ആശുപത്രിയിൽ | Bihar Nalanda mid day meal incident
Spread the love
Scroll to Top