കഴിഞ്ഞകാലങ്ങളിൽ യൂറോപ്യൻ രാജ്യങ്ങൾ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് തള്ളിയ ലക്ഷക്കണക്കിന് ആണവ മാലിന്യ ബാരലുകൾ സമുദ്രജീവിതത്തിന് ഉണ്ടാക്കിയ ആഘാതങ്ങളെക്കുറിച്ച് പഠിക്കാനുള്ള പുതിയ പര്യവേക്ഷണം ഉടൻ ആരംഭിക്കുന്നു. 1971 നും 1982 നും ഇടയിലുള്ള കാലഘട്ടത്തിൽ യൂറോപ്യൻ രാജ്യങ്ങൾ 200,000-ത്തിലധികം റേഡിയോ ആക്ടീവ് മാലിന്യ ബാരലുകളാണ് അറ്റ്ലാന്റിക് സമുദ്രത്തിൽ തള്ളിയത്. ഇത് സമുദ്രജീവികളിലേക്ക് റേഡിയോ ആക്ടീവ് ഐസോടോപ്പുകൾ വ്യാപിക്കാൻ കാരണമായിട്ടുണ്ടാകാം എന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ഫ്രാൻസ്, നോർവേ, ജർമ്മനി, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് ഈ ദൗത്യത്തിനായി ഒന്നിക്കുന്നത്.
ശീതയുദ്ധകാലത്ത് ആണവ മാലിന്യങ്ങൾ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയ അമേരിക്കയും യൂറോപ്പും ഒടുവിൽ അവ നദികളിലും സമുദ്രങ്ങളിലുമായി തള്ളാൻ തീരുമാനിക്കുകയായിരുന്നു. യു.എസിൽ കൊളംബിയ നദിക്കരയിലും, യൂറോപ്പിൽ സമുദ്രത്തിലുമാണ് ഇവ വലിയ സുരക്ഷാ മുൻകരുതലുകളൊന്നുമില്ലാതെ നിക്ഷേപിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി ഫ്രഞ്ച് നാഷണൽ സെന്റർ ഫോർ സയന്റിഫിക് റിസർച്ചിലെ (CNRS) ഗവേഷകർ ഈ മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ നിരീക്ഷിച്ചു വരികയാണ്. കഴിഞ്ഞ വർഷം ഒരു റോബോട്ടിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ 14,500 ചതുരശ്ര കിലോമീറ്റർ പരന്നുകിടക്കുന്ന കടൽത്തട്ടിൽ സോണാർ സാങ്കേതികവിദ്യ ഉപയോഗിച്ച് മാപ്പ് തയ്യാറാക്കിയിരുന്നു. ആകെ പ്രദേശത്തിന്റെ വെറും രണ്ട് ശതമാനത്തിൽ നിന്ന് മാത്രം 3,500-ഓളം ആണവ മാലിന്യ ബാരലുകളാണ് കണ്ടെത്തിയത്.
ALSO READ;ശത്രുക്കൾ പോലും ആരാധനയോടെ നോക്കിപ്പോവും! 33 ലക്ഷം രൂപയുടെ അത്ഭുത ഹെൽമെറ്റുമായി എഫ്-35 പൈലറ്റുമാർ
ഈ ബാരലുകൾക്ക് പുറമെ സമുദ്രത്തിലെ അടിത്തട്ടിലെ എക്കൽ, വെള്ളം, സൂക്ഷ്മാണുക്കൾ തുടങ്ങിയവയുടെ സാമ്പിളുകളും ഗവേഷകർ ശേഖരിച്ചിട്ടുണ്ട്. 50 വർഷത്തിന് ശേഷം സമുദ്രപാരിസ്ഥിതിക വ്യവസ്ഥയിൽ ഈ റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ എന്ത് മാറ്റമാണ് ഉണ്ടാക്കിയതെന്ന് മനസ്സിലാക്കാനാണ് ഇത്. ആഴക്കടലിൽ നടക്കുന്ന ആദ്യത്തെ റേഡിയോ ഇക്കോളജിക്കൽ പഠനങ്ങളിൽ ഒന്നാണിത്.
നടന്നുകഴിഞ്ഞ അബദ്ധങ്ങൾ തിരുത്താൻ കഴിയില്ലെങ്കിലും, ഭാവിയിൽ ഇത്തരം അപകടകരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ നിന്ന് ഭരണകൂടങ്ങളെ പിന്തിരിപ്പിക്കാൻ ഈ പഠനം ഏറെ സഹായിക്കുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.
The post പ്രതിപട്ടികയിൽ റഷ്യയും അമേരിക്കയും..! കടലിൽ തള്ളിയത് 2 ലക്ഷത്തിലധികം ആണവ മാലിന്യ ബാരലുകൾ appeared first on Express Kerala.




